പ്രിന്‍സിപ്പാളും നേതാക്കളും കൊമ്പുകോര്‍ത്തു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് മേല്‍ അശാന്തിയുടെ കാര്‍മേഘം-
പരിയാരം: സംഘടനാ ഇടപെടല്‍ രൂക്ഷം, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങളില്‍ അശാന്തി പടരുന്നു.
അമിതമായ രാഷ്ട്രീയവല്‍ക്കരണം കാരണം പൊതുജനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടാതെ വരുന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് വര്‍ഷം രണ്ട് പിന്നിട്ടിട്ടും രാഷ്ട്രീയവല്‍ക്കരണം രൂക്ഷമായി തുടരുന്നു.
വര്‍ഷങ്ങളായി ഓഫീസില്‍ തുടരുന്ന സംഘടനാ നേതാവിന്റെ അടുത്ത ബന്ധുവിനെ നിയമിക്കപ്പെട്ട പോസ്റ്റിലേക്ക് തന്നെ തിരിച്ചയക്കുകയും മറ്റൊരു വനിതാ നേതാവിനെ നിലവിലുള്ള പോസ്റ്റില്‍ നിന്ന് മാറ്റുകയും ചെയ്തതതോടെയാണ് നേതൃത്വം സടകുടഞ്ഞത്.
പ്രിന്‍സിപ്പാളിന്റെ ഓഫീസിലേക്ക് ഇരച്ചെത്തിയ സംഘം ഭീഷണിമുഴക്കിയെങ്കിലും പ്രിന്‍സിപ്പാള്‍ തെല്ലും വകവെക്കാതായതോടെ
തെറിവിളി തുടങ്ങിയെങ്കിലും പ്രിന്‍സിപ്പാള്‍ ഇതിലൊന്നും കൂസാതെ വന്നതോടെയാണ് സംഘം പിന്‍വാങ്ങിയത്.
പ്രിന്‍സിപ്പാളിന്റെ ഇടപെടല്‍ പല രംഗത്തും നേതാക്കളെ വിറളിപിടിപ്പിച്ചിരിക്കയാണെന്ന് ഒരു സംഘടനാ നേതാവ് പ്രതികരിച്ചു.
മെഡിക്കല്‍ കോളേജിന്റെ അവസ്ഥ സംബന്ധിച്ച് പ്രിന്‍സിപ്പാള്‍ ഡി.എം.ഇക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് അറിവ്.
ഒരു മേജര്‍ ശസ്ത്രക്രിയ കൊണ്ട് മാത്രമേ സ്ഥാപനത്തെ രക്ഷിച്ചെടുക്കാനാവൂ എന്നാണ് അദ്ദേഹം ബന്ധപ്പെട്ടവരെ അറിയിച്ചിരിക്കുന്നത്.
മെഡിക്കല്‍ കോളേജ് പൂര്‍ണമായി ഏറ്റെടുക്കാതെ ആര്‍.സി.സി മോഡലാക്കിയിരുന്നുവെങ്കില്‍ സാധാരണക്കാര്‍ക്ക് മികച്ച ചികില്‍സ ലഭിക്കുമായിരുന്നുവെന്ന അഭിപ്രായമാണ് ഇപ്പോള്‍ ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത്.