പ്രധാനമന്ത്രി നരേന്ദ്രമോദി രാജരാജേശ്വര ക്ഷേത്രത്തിലെത്തും.

തളിപ്പറമ്പ്: പ്രധാനമന്ത്രി നരേന്ദ്രമോദി രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നു.

2023 അവസാനമോ 2024 ജനുവരിയിലോ ആയിരിക്കും സന്ദര്‍ശനമെന്നാണ് വിവരം.

സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിഭാഗം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇതിനകം കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി ടീം പരിശോധന നടത്തും.

ക്ഷേത്രമുറ്റത്ത് നിര്‍മ്മാണം പൂര്‍ത്തിയായിവരുന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെങ്കല ശിവപ്രതിമയുടെ അനാച്ഛാദനവും തദവസരത്തില്‍ പ്രധാനമന്ത്രി നിര്‍വ്വഹിക്കും.

പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവും ഹൊറൈസണ്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാനുമായ മൊട്ടമ്മല്‍ രാജനാണ് ഈ ശില്‍പ്പം നിര്‍മ്മിച്ച് ക്ഷേത്രത്തിന് സമര്‍പ്പിക്കുന്നത്.

മൊട്ടമ്മല്‍ രാജന്‍ തന്നെയാണ് ശില്‍പ്പം ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ തളിപ്പറമ്പിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ശില്‍പ്പി ഉണ്ണി കാനായിയാണ് ശിവപ്രതിമ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പായി പ്രധാനമന്ത്രി രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്ന് ബി.ജെ.പി നേതാക്കളും സ്ഥീരീകരിച്ചിട്ടുണ്ട്.