ഗംഭീര കാഴ്ച്ചാനുഭവമായി രേഖാചിത്രം
ആക്ഷന്‍ ത്രില്ലറുകളും അന്വേഷണാത്മക ത്രില്ലറുകളുമാണ് മലയാള സിനിമയില്‍ കൂടുതലായി വരുന്നത്.
ബ്രഹ്മാണ്ഡ പാനിന്ത്യന്‍ സിനിമകളും മലയാളക്കരയെ വരിഞ്ഞുമുറുക്കുന്നു.
അതിനിടെ ചെറുതുംവലുതമായ നിരവധി സിനിമകള്‍ വന്നുപോകുന്നു.
ഇതില്‍ നല്ല സിനിമകള്‍ ഉണ്ടാകാമെങ്കിലും പലപ്പോഴും ചര്‍ച്ചപോലുമാകാതെ സിനികള്‍ കടന്നുപോകുന്നു.
ഭരതന്‍, പത്മരാജന്‍, ഐ.വി.ശശി, ഹരിഹരന്‍, ജോഷി തുടങ്ങിയ സംവിധായകരുടെ സിനിമകള്‍ ഇറങ്ങിയ കാലഘട്ടം ഒരു തലമുറയുടെ മനസില്‍ മങ്ങലേല്‍ക്കാതെ കിടക്കുന്നുണ്ട്.
ആ തലമുറയില്‍ പെട്ട ജയരാജിനെ പോലുള്ള സംവിധായകരെ മുഖ്യധാരയില്‍ കാണാനാവുന്നില്ല.
പുതിയ ചെറുപ്പക്കാരുടെ സിനിമകളാണ് ഇപ്പോള്‍ കൂടുതലും കടന്നുവരുന്നത്.
ത്രില്ലടിപ്പിക്കുക എന്നതില്‍ പുതുതലമുറ സംവിധായകര്‍ മല്‍സരിക്കുകയാണ്.
സ്ഥിരം പാറ്റേണിലുള്ള അത്തരം സിനിമകളില്‍ നിന്ന് വേറിട്ടുനില്‍ക്കുകയാണ് ജോഫിന്‍ ടി.ചാക്കോ സംവിധാനം നിര്‍വ്വഹിച്ച രേഖാചിത്രം.
വില്ലനാരെന്ന് നേരത്തെ തന്നെ പ്രേക്ഷകരെ അറിയിക്കുന്ന സംവിധായകന്‍ പക്ഷെ, അവസാന നിമിഷം വരെ സസ്‌പെന്‍സിന്റെ രസച്ചരട് നിലനിര്‍ത്തുന്നനിടത്താണ് ചിത്രത്തിന്റെ വിജയം.
ഓണ്‍ലൈന്‍ റമ്മി കളിച്ചതിന് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട വിവേക് ഗോപിനാഥ്(ആസിഫ് അലി) എന്ന പോലീസ് എസ്.എച്ച്.ഒ മലക്കപ്പാറ പോലീസ് സ്‌റ്റേഷനില്‍ ചാര്‍ജെടുക്കുന്ന ദിവസം തന്നെ സ്‌റ്റേഷന്‍ പരിധിയില്‍ സംഭവിക്കുന്ന ഒരു ആത്മഹത്യയും ആത്മഹത്യ ചെയ്തയാളുടെ ഫേസ്ബുക്ക് ലൈവുമാണ് രേഖാചിത്രത്തിന്റെ തുടക്കം. ആത്മഹത്യ ചെയ്ത രാജേന്ദ്രന്‍(സിദ്ദിക്ക്) എന്നയാളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് 1985 കാലത്തെ ഒരു പെണ്‍കുട്ടിയുടെ അസ്ഥികൂടം പോലീസ് കണ്ടെടുക്കുന്നു. ഈ കുട്ടിയാരാണെന്നുള്ള കണ്ടെത്തലാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നത്.
അഭിനയത്തിന്റെ കാര്യത്തില്‍ വെറുടെ സ്‌ക്രീനിലൂടെ കടന്നുപോകുന്നവര്‍ ഉള്‍പ്പെടെ എല്ലാവരും മികച്ചുനില്‍ക്കുന്നുണ്ട്. അനശ്വര രാജന്റെ രേഖയും മനോജ് കെ.ജയന്റെ വില്ലന്‍ വേഷത്തിലെത്തുന്ന വിന്‍സെന്റും തുടങ്ങി എല്ലാവരും തങ്ങളുടെ റോള്‍ അതീവഭംഗിയാക്കിയിട്ടുണ്ട്. എ.ഐ സാങ്കേതിക വിദ്യയിലൂടെ മമ്മൂട്ടി, സംവിധായകന്‍ ഭരതന്‍ എന്നിവരും സിനിമയിലേക്ക് കയറിവരുന്നു. ജഗദീഷ്, സംവിധായകന്‍ കമല്‍ എന്നിവരും സിനിമയിലുണ്ട്. രാമു സുനിലിന്റെ കഥക്ക് ജോണ്‍ മന്ത്രിക്കലും രാമുസുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. തിരക്കഥ തന്നെയാണ് ഈ സിനിമയെ ഉജ്ജ്വലമായ ഒരു കാഴ്ച്ചാ അനുഭവമാക്കിയതില്‍ പ്രധാന പങ്കുവഹിച്ചത്. മുദീബ് മജീദിന്റെ സംഗീതവും എടുത്തുപറയേണ്ടത് തന്നെയാണ്. കഥയില്‍ നിന്ന് കഥകളിലേക്ക് സഞ്ചരിച്ച് ഒടുവില്‍ പ്രേക്ഷകരെ വികാരത്തിന്റെ വേലിയേറ്റപ്രദേശത്തേക്ക് കൊണ്ടുപോയാണ് സിനിമ അവസാനിപ്പിക്കുന്നത്. എന്തായാലും ഒരു ഗംഭീര കാഴ്ച്ചാനുഭവം തന്നെയാണ് രേഖാചിത്രം.