പക്ഷിത്തീട്ടം കാരണം റോഡില്‍ ഇരുചക്രവാഹനങ്ങള്‍ തെന്നിവീണു-

പയ്യന്നൂര്‍: മഴയോടൊപ്പം പക്ഷിത്തീട്ടവും കൂടിയായതോടെ പയ്യന്നൂര്‍ രെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വഴുക്കില്‍ പെട്ട് ഇരുചക്രവാഹനയാത്രക്കാര്‍ തെന്നിവീണു.

ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടയോടെയാണ് സംഭവം.

റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും പയ്യന്നൂര്‍ ഭാഗത്തേക്കുള്ള റോഡിലാണ് കൂറ്റന്‍മരത്തില്‍ ചേക്കേറിയ പക്ഷികളുടെ വിസര്‍ജ്യങ്ങള്‍ വീണുകിടന്നിരുന്നത്.

വിസര്‍ജ്യങ്ങള്‍ക്ക് മേല്‍ മഴകൂടി പെയ്തതോടെ നിരവധി ഇരുചക്രവാഹനയാത്രക്കാര്‍ക്ക് വീണുപരിക്കേറ്റു.

ഇത് കണ്ട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ ഓട്ടോഡ്രൈവര്‍ റിജുവാണ് വിവരം പയ്യന്നൂര്‍ അഗ്നിശമനനിലയത്തില്‍ അറിയിച്ചത്.

അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനാംഗങ്ങള്‍ റോഡില്‍ സെപ്പുപൊടി വിതറിയശേഷം വെള്ളം പമ്പുചെയ്ത് കഴുകി വൃത്തിയാക്കുകയായിരുന്നു.

ഫയര്‍ ആന്റ് റെസക്യൂ ഓഫീസര്‍മാരായ പി.കെ.അജിത്ത്കുമാര്‍, പി.വി.നികേഷ്, യു.വിനീഷ്. ഹോംഗാര്‍ഡുമായ എം.രാജീവന്‍, പി.പുരുഷോത്തമന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.