മാടപ്രാവിന് ഈറ്റില്ലമൊരുക്കി കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ വായനശാല പ്രവര്‍ത്തകര്‍ മാതൃകയായി.

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: മാടപ്രാവിന് മുട്ടവിരിയിക്കാന്‍ സുരക്ഷിത സൗകര്യമൊരുക്കി കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ വായനശാല പ്രവര്‍ത്തകര്‍ മാതൃകയായി.

വായനശാലയുടെ മുകള്‍ നിലയിലെ ഓഡിറ്റോറിയത്തിലാണ് തുറന്നുകിടന്ന ജനാലയിലൂടെ മാടപ്രാവ് അകത്തെത്തിയത്.

ചുള്ളിക്കമ്പുകളുമായി പറന്നെത്തിയ മാടപ്രാവിനെ ആദ്യഘട്ടത്തില്‍ വായനശാല പ്രവര്‍ത്തകര്‍ ഓടിച്ചുവിടുകയും ചുള്ളിക്കമ്പുകള്‍ എടുത്തുമാറ്റി ശുചീകരണം നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രതിബന്ധങ്ങള്‍ അതിജിവിച്ച് എല്ലാദിവസവും മാടപ്രാവ് ചുള്ളിക്കമ്പുകളുമായി എത്തുന്നത് കണ്ട് ലൈബ്രേറിയന്‍ നിഷ ഗണേശന്‍ ഇനി ഇതിനെ ഓടിച്ചുവിടേണ്ടെന്ന് വായനശാല ഭാരവാഹികളോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

ഏതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ ഓഡിറ്റോറിയത്തിന്റെ തറയില്‍ ഉപയോഗശൂന്യമായ ഹാര്‍ഡ്‌ബോര്‍ഡ് പെട്ടിക്ക് സമീപം സാമാന്യം വയിയ കൂടുണ്ടാക്കിയ പ്രാവ് ഇതില്‍ രണ്ട് മുട്ടകളുമിട്ടു.

ഇതോടെ വായനശാലാ പ്രവര്‍ത്തകരുടെ അരുമയായി മാറിയ പ്രാവിന് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിച്ചു.

ഓഡിറ്റോറിയത്തില്‍ പരിപാടികള്‍ നടത്തുമ്പോഴെല്ലാം പ്രാവിനുംഅതിന്റെ കൂടിനും ഒരുവിധ ബുദ്ധിമുട്ടുകളും വരാതിരിക്കാന്‍ പ്രസിഡന്റ് കെ.പി.എം റിയാസുദ്ദീനും സെക്രട്ടറി സി.രാഹുലും പ്രത്യേകം ശ്രദ്ധിച്ചു.

ഇപ്പോള്‍ മുട്ട വിരിഞ്ഞിട്ട് രണ്ടുമാസം പിന്നിടുകയാണ്. വിരിഞ്ഞിറങ്ങിയ മാടപ്രാവിന്റെ കുഞ്ഞുങ്ങള്‍ ചിറകുവിരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

അവര്‍ പറന്നുപോകുന്നതുവരെ ആവശ്യമായ സുരക്ഷിതത്വം നല്‍കുമെന്നാണ് കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹികള്‍ പറയുന്നത്.

ഓടുകള്‍ പാകിയ വീടുകളുടെ അഭാവവും സുരക്ഷിതമായ മച്ചകങ്ങളില്ലാതായതുമായിരിക്കാം മാടപ്രാവുകള്‍ മുട്ടവിരിയിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നതിന് കാരണമാകുന്നതെന്ന് മലബാര്‍ അസോസിയേഷന്‍ ഫോര്‍ നേച്ചര്‍ ചെയര്‍മാന്‍ ഡോ.എം.വി.ദുരൈ പറയുന്നു.