സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക: സി.ഐ.ടി.യു.

ശ്രീകണ്ഠപുരം: സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് സിഐടിയു കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

സഹകരണമേഖലയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് കേന്ദ്രസര്‍ക്കറിന്റെയും ചില മാധ്യമങ്ങളുടെയും നേതൃത്വത്തില്‍ നടക്കുന്നത്.

സഹകരണ മേഖല പൂര്‍ണ്ണമായും സംസ്ഥാന വിഷയമാണെന്നിരിക്കെ 2002 മുതല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സഹകരണ മന്ത്രാലയം തന്നെ ആരംഭിച്ചു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിന്റെയും ആകെതന്നെ നട്ടെല്ലാണ് സഹകരണ ബാങ്കിങ് മേഖല.

കേരളത്തിലെ സഹകരണ മേഖലയെ കൂച്ചുവിലങ്ങ് ഇടാനുള്ള റിസര്‍വ്വ് ബാങ്കിന്റെയും ശ്രമമെന്നും പ്രമേയത്തിലൂടെ സിഐടിയു കണ്ണൂര്‍ ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി.

എല്‍ഐസിയെ പൊതുമേഖലയില്‍ സംരക്ഷിക്കണമെന്നും ഓഹരിയുടെ തുടര്‍വില്‍പ്പനക്കുള്ള നീക്കം ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പോളിസിയുടെ എണ്ണത്തിലും ക്ലെയിം തീര്‍പ്പാക്കുന്ന മികവിലും ലോകത്തിലെ തന്നെമുന്‍നിര പ്രസ്ഥാനമാണ് എല്‍ഐസി. എല്‍ഐസി സ്വകാര്യവത്ക്കരിക്കുന്നതിനുള്ള ശ്രമങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

എന്‍എച്ച്ഡിസി കാര്യാലയം കണ്ണൂരില്‍ പുനഃസ്ഥാപിക്കുക, നാഷണല്‍ ടെക്‌സറ്റൈല്‍സ് കോര്‍പ്പറേഷന്റെ മില്ലുകള്‍ തുറന്നു പ്രവര്‍ത്തിക്കുക, ചുമട്ടുതൊഴിലാളി സംരക്ഷണ നിയമം കാലോചിതമായി പരിഷ്‌കരിക്കുക,

പതിനഞ്ച് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കണമെന്ന മോട്ടോര്‍വാഹന നിയമം റദ്ദുചെയ്യുക, സ്‌കൂള്‍ കൈത്തറി യൂണിഫോം പദ്ധതിയിലെ അപാകത പരിഹരിക്കുക, ജീവന്‍ രക്ഷാ മരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും വിലക്കയറ്റം തടയുക, ബീഡി വ്യവസായം സംരക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളും സിഐടിയു കണ്ണൂര്‍ ജില്ലാ സമ്മേളനം അംഗീകരിച്ചു.

രണ്ടാം ദിവസമായ ഞായറാഴ്ച്ച രാവിലെ 10 മണിക്ക് സമ്മേളനം പൊതുചര്‍ച്ചയോടെ ആരംഭിച്ചു.

തുടര്‍ന്ന് സംഘടനാ ചര്‍ച്ചക്കുള്ള മറുപടി സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആവന്ദനും സംസ്ഥാന സെക്രട്ടറി കെഎന്‍ ഗോപിനാഥ് എന്നിവര്‍ ചേര്‍ന്ന് നല്‍കി.

പ്രവര്‍ത്തന റിപ്പോര്‍ട്ടിനന്മേലുള്ള മറുപടി കെ മനോഹരനും നിര്‍വ്വഹിച്ചു.

തുടര്‍ന്ന് സിഐടിയു ജനറല്‍ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. ശേഷം ഭാരവാഹികളെയും സമമേളനം തിരഞ്ഞെടുത്തു. ക്രഡന്‍ഷല്‍ റിപ്പോര്‍ട്ട് ഇ സുര്‍ജിത്ത് കുമാര്‍ അവതരിപ്പിച്ചു.