കക്കൂസ് ടാങ്കില്‍ കുടുങ്ങിയ തെരുവ് നായയെ രക്ഷപ്പെടുത്തി.
തളിപ്പറമ്പ്: കക്കൂസ് ടാങ്കില്‍ വീണ് അവശനായ തെരുവ് നായയെ നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി.
ചെനയന്നൂരില്‍ തളിപ്പറമ്പ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന് സമീപത്തെ പതിച്ചു നല്‍കിയ മിച്ചഭൂമിയില്‍ നിര്‍മ്മിച്ച കക്കൂസ് കുഴിയാണ് തെരുവ് നായ്ക്കളോടൊപ്പം മനുഷ്യര്‍ക്കും ഭീഷണിയായത്.
ഇവിടെ വീട്ടിന്റെ തറയും അതിനോട് ചേര്‍ന്ന കക്കൂസ് ടാങ്കും നിര്‍മ്മിച്ചിരുന്നുവെയിലും പിന്നീട് ഉപേക്ഷിക്കപ്പെട്ട ഇത് തുറന്ന് കിടക്കുന്നത് കൊണ്ട് നായയും പൂച്ചയും മറ്റും വീണുചാവുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുന്നു.
പൊതുവെ ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ ആരും മൃഗങ്ങളുടെ കരച്ചില്‍ പോലും കേള്‍ക്കാത്തതിനാല്‍ കുഴിയില്‍ തന്നെ പട്ടിണികിടന്ന് ചാവുകയായിരുന്നു.
യാദൃശ്ചികമായി ഇന്നലെ വൈകുന്നേരം ഇതുവഴി പോയ എം.പി.മനോജ് എന്ന ഓട്ടോെ്രെഡവറാണ് നായയുടെ കുരകേട്ട് സ്ഥലത്തുവന്ന് നോക്കിയത്.
നായ അവശനിലയിലായതിനാല്‍ പുറത്തേക്ക് കയറ്റാന്‍ ശ്രമിച്ചുവെങ്കിലും നടക്കാത്തതിനാല്‍ അഗ്‌നിശമനസേനയുടെ സഹായം തേടുകയായിരുന്നു. കുഴിയില്‍ വീണുചത്ത മറ്റൊരുനായയുടെ അവശിഷ്ടങ്ങള്‍ ഉള്ളതിനാല്‍ കടുത്ത ദുര്‍ഗന്ധവും പ്രദേശത്ത് ഉണ്ടായിരുന്നു.
നായ, പൂച്ച എന്നീ മൃഗങ്ങളെ രക്ഷിക്കുന്നതില്‍ അഗ്‌നിശമനസേനക്ക് ചില നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രാജീവന്റെ നേതൃത്വത്തിലെത്തിയ സംഘം നാട്ടുകാരുടെ കൂടി സഹായത്തോടെ നായയെ പുറത്തെടുത്ത് രക്ഷപ്പെടുത്തി.
ഭക്ഷണമില്ലാത്തതിനാല്‍ അവശനിലയിലായ നായക്ക് മനോജിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഭക്ഷണവും നല്‍കി. തുറന്നുകിടക്കുന്ന കക്കൂസ് ടാങ്ക് അപകടഭീഷണി ഉയര്‍ത്തുന്നതിനാല്‍ ഇത് മൂടണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്.