ഉല്‍സവ പറമ്പില്‍ പാചകവാതകം ചോര്‍ന്ന് തീപിടിച്ചു.

പയ്യന്നൂര്‍: ഉല്‍സവ പറമ്പില്‍ പാചകവാതകം ചോര്‍ന്നു, അഗ്നിശമനസേനയുടെ ഇടപെടല്‍ വന്‍ദുരതന്തം ഒഴിവാക്കി.

ഇന്നലെ വൈകുന്നേരം പരവന്തട്ട ഉദയപുരം ക്ഷേത്രോല്‍സവത്തിനിടയിലാണ് പരിഭ്രാന്തി പരത്തിയ സംഭവം നടന്നത്.

താല്‍ക്കാലിക തട്ടുകടയില്‍ ഓംലറ്റ് ഉണ്ടാക്കുന്നതിനിടയിലാണ് സംഭവം.

കണ്ണാടിപ്പറമ്പ് തെരുവത്തെ രജനി നിവാസില്‍ എസ്.മണികണ്ഠന്റെ തട്ടുകടയിലാണ് തീപിടിച്ചത്.

റഗുലേറ്ററിനും ഗ്യാസ് പൈപ്പിനും തീപിടിച്ച് ഉരുകിയതോടെയാണ് തീ പടര്‍ന്നുപിടിച്ചത്.

തീപിടുത്തത്തില്‍ കച്ചവടത്തിലൂടെ കിട്ടിയ പണവും കത്തിനശിച്ചു. അയ്യായിരത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പയ്യന്നൂര്‍ അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.എം.ലത്തീഷ്, പി.പി.ധനേഷ്, പി.സത്യന്‍, ഹോംഗാര്‍ഡ് രാജീവന്‍ എന്നിവരും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് ബാലചന്ദ്രന്റെ നേതൃത്വത്തില്‍ നാട്ടുകാരും തീകെടുത്താന്‍ സഹായിച്ചു.