കിണറില്‍ വീണ യുവതിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: അബദ്ധത്തില്‍ കിണറ്റില്‍ വീണ യുവതിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ് കാക്കാഞ്ചാലിലെ എ.കെ.ഹംസയുടെ മകള്‍ മര്‍വ ഷഹനാസ്(28) ആണ് ഇന്ന് ഉച്ചക്ക് ഒന്നേമുക്കാലോടെ വീട്ടുകിണറ്റില്‍ വീണത്.

കിണറിന്റെ കപ്പിയില്‍ കയര്‍ കുടുങ്ങിയത് വേര്‍പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് അബദ്ധത്തില്‍ അറുപതടിയോളം ആഴമുള്ളതും 15 അടി വെള്ളമുള്ളതുമായ കിണറിലേക്ക് വീണത്.

വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയം സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എ.എഫ്.ഷിജോയാണ് കിണറിലിറങ്ങി മര്‍വ ഷഹനാസിനെ രക്ഷപ്പെടുത്തിയത്.

ഫയര്‍ ആന്റ് റെസക്യൂ ഓഫീസര്‍മാരായ സി.വി.ബാലചന്ദ്രന്‍, ടി.വിജയ്, ബിജു, ഷജില്‍ കുമാര്‍ മിന്നാടന്‍, ഹോംഗാര്‍ഡുമാരായ തോമസ്മാത്യു, ധനഞ്ജയന്‍ എന്നിവരും അഗ്നിശമനസേനാ സംഘത്തില്‍ ഉണ്ടായിരുന്നു.

ആടിനെ രക്ഷപ്പെടുത്തി

മറ്റൊരു സംഭവത്തില്‍ നടുവില്‍ പടിഞ്ഞാറ് കിണറിലകപ്പെട്ട ഒരു വയസുള്ള ആടിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

ജോയ് കുരിശിങ്കലിന്റെ ഉടമസ്ഥതയിലുള്ള ആടാണ് 25 അടി ആഴമുള്ള കിണറില്‍ വീണത്.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എ.എഫ് ഷിജോയാണ് ഓക്‌സിജന്‍ സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കിണറില്‍ ഇറങ്ങി ആടിനെ രക്ഷപ്പെടുത്തിയത്.