ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍-
പരിയാരം: കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ പഞ്ചിംഗ് താത്കാലികമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ അസോസിയേഷന്‍ രംഗത്ത്.

ഇത് സംബന്ധിച്ച് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോഗ്യമന്ത്രിക്ക് അടിയന്തിര സന്ദേശമയച്ചു.
കോവിഡിന്റെ വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലും സ്ഥാപനത്തില്‍ മുന്‍ കാലങ്ങളിലേത് പോലെ തന്നെ പഞ്ചിംഗ് സംവിധാനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
ആയത് ജീവനക്കാരില്‍ കോവിഡിന്റെ വ്യാപനത്തിന് ആക്കം കൂട്ടുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.
പ്രത്യേകിച്ച് ജീവനക്കാരില്‍ നല്ലൊരു ശതമാനം രോഗികളോ രോഗികളുമായി സമ്പര്‍ക്കമുള്ളവരോ ആണെന്നിരിക്കെ അവരുള്‍പ്പെടെയുള്ള ആയിരത്തോളം ജീവനക്കാര്‍
ബയോമെട്രിക് പഞ്ചിംഗ് മെഷീന്‍ ഉപയോഗിച്ച് പഞ്ച ചെയ്യുന്നത് ഒരു പരിധി വരെ ജീവനക്കാരുടെ ഇടയില്‍ രോഗം വ്യാപിക്കാനും അത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കാനും സാധ്യത ഏറെയാണ്.
ആയത് കൊണ്ട് രോഗവ്യാപനത്തിന്റെ തീവ്രത കുറയുന്നത് വരെയെങ്കിലും സ്ഥാപനത്തില്‍ പഞ്ചിംഗ് സമ്പ്രദായം നിര്‍ത്തിവെച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് പി.ഐ.ശ്രീധരനും ജന.സെക്രട്ടറി യു.കെ.മനോഹരനും നല്‍കിയ നിവേദനത്തില്‍ പറയുന്നു.
