വ്യാപാരികള്‍ കടപൂട്ടി തെരുവ് കച്ചവടത്തിന് ഇറങ്ങേണ്ടി വരുമോ-കെ.എസ്.റിയാസ്‌

തളിപ്പറമ്പ്: വ്യാപാരികള്‍ തെരുവ് കച്ചവടത്തിന് ഇറങ്ങേണ്ട സ്ഥിതിയാണ് തളിപ്പറമ്പില്‍ നിലനില്‍ക്കുന്നതെന്നും അടിയന്തിര പരിഹാരം കാണണമെന്നും തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസും ജന.സെക്രട്ടെറി വി.താജുദ്ദീനും ഇന്ന് നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതിയില്‍ ആവശ്യപ്പെട്ടു.

മെയിന്‍ റോഡില്‍ ഉള്‍പ്പെടെ നഗരത്തിന്റെ ഒട്ടുമിക്ക സ്ഥലങ്ങളിലും ശരിയായ രേഖകള്‍ പോലുമില്ലാത്ത ഗുഡ്‌സ് ഓട്ടോറിക്ഷകളിലും മറ്റും പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെ വിവിധ സാധനങ്ങളാണ് വില്‍പ്പന നടത്തുന്നത്.

എല്ലാവിധ ലൈസന്‍സുകളും നികുതികളും അടച്ച് വ്യാപാരം നടത്തുന്ന സാധാരണക്കാരായ വ്യാപാരികള്‍ പലരും ഈ അനധികൃത കച്ചവടക്കാര്‍ കാരണം വ്യാപാരം അവസാനിപ്പിക്കേണ്ടി വരുമെന്ന അവസ്ഥയിലാണ്.

സഹകരണ സ്ഥാപനമായ വെജ്‌കോ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പോലും കെരുവ് കച്ചവടത്തിന് ഇറങ്ങിിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

കടക്ക് മുന്നില്‍ വാഹനം നിര്‍ത്തി സാധനം വാങ്ങാന്‍ കടയില്‍ കയറിയവരുടെ വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പിഴയീടാക്കുന്ന അവസ്ഥ തുടരുകയാണെന്നും കെ.എസ്.റിയാസ് പറഞ്ഞു.

എന്നാല്‍ പോലീസ് അനധികൃത കച്ചവടത്തിന് ഒരുവിധ പിന്തുണയും നല്‍കുന്നില്ലെന്നും നഗരസഭ ആവശ്യപ്പെട്ടാല്‍ ഏത് സമയത്തും അനധികൃത തെരുവ് കച്ചവടങ്ങള്‍ ഒഴിപ്പിക്കാന്‍ പോലീസ് എല്ലാവിധ സഹായവും നല്‍കുമെന്നും എസ്.ഐ കെ.വി.സതീശന്‍ യോഗത്തെ എറിയിച്ചു.

അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരഹാരം കാണുകയാണ് വേണ്ടതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ആനപ്പള്ളി ഗോപാലന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെട്ടുവെന്ന് അധ്യക്ഷത വഹിച്ച നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ യോഗത്തെ അറിയിച്ചു.