ശാസ്ത്രീയ അറവുമാലിന്യ സംസ്‌ക്കരണമില്ലാതെ തെരുവ്‌നായ ശല്യത്തിന് പരിഹാരം കാണാനാവില്ല-ഡോ.പി.വി.മോഹനന്‍.

തളിപ്പറമ്പ്: തെരുവ്‌നായ പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനക്ക് വന്നിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വിശദമായ ഒരു നീരീക്ഷണം ആവശ്യമാണെന്നും, ശാസ്ത്രീയമായ അറവുമാലിന്യ സംസ്‌ക്കരണം നടപ്പിലാക്കാത്ത കേരളത്തിലെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാനാവില്ലെന്നും മൃഗസംരക്ഷണ രംഗത്തെ പ്രശസ്തനായ എഴുത്തുകാരനും റിട്ട.വെറ്റിനറി സര്‍ജനുമായ ഡോ.പി.വി.മോഹനന്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.

തെരുവ്‌നായ്ക്കളുടെ പ്രധാന ആഹാരമാണ് ഈ അറവ് മാലിന്യങ്ങള്‍.

അനധികൃത അറവുകേന്ദ്രങ്ങളെ ചുറ്റിപറ്റിയാണ് 73 ശതമാനം തെരുവ്‌നായ്ക്കളും ജീവിക്കുന്നത്.

ഈ മാലിനും തിന്നുശീലിച്ചവയാണ് വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതും കൊന്നു തിന്നുന്നതും.

മനുഷ്യനെ ആക്രമിക്കാനും ഇത്തരം നായ്ക്കള്‍ തയ്യാറാകുമെന്ന് അദ്ദേഹം പറയുന്നു.

സംസ്ഥാനത്ത് പ്രതിവര്‍ഷം 20 ലക്ഷം മാടുകളെയും 6 ലക്ഷം ആടുകളെയും കശാപ്പ് ചെയ്യുന്നുണ്ട്.

ഇതില്‍ നിന്നുണ്ടാകുന്നപ്രതിദിന അറവ് മാലിന്യത്തിന്റെ അളവ് 1300 ടണ്ണാണ്.

ഇതുമുഴുവനും നമ്മുടെ പുഴകളിലും തോടുകളിലും ആള്‍പാര്‍പ്പില്ലാത്ത കാടുപിടിച്ച സ്ഥലങ്ങളിലും നിക്ഷേപിക്കുകയാണ്.

സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന 15680 അറവ്‌കേന്ദ്രങ്ങളുണ്ടെന്നാണ് കണക്ക്.

ശാസ്ത്രീയ അറവ്ശാലകള്‍ കേവലം 3 എണ്ണം മാത്രം.

ഇവിടെ അറക്കുന്ന മൃഗങ്ങളുടെ എണ്ണം ദിനംപ്രതി കേവലം 300 ല്‍ താഴെയാണ്.

ബാക്കിയെല്ലാം അനധികൃതമാണെന്ന് സാരം.

സംസ്ഥാനത്ത് പ്രതിദിനം ഉണ്ടാകുന്ന കോഴിയറവ് മാലിന്യം 1050 ടണ്ണാണ്.

ഇത് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സ്വകാര്യ പങ്കാളിത്തത്തോടെ റെന്ററിങ് പ്ലാന്റുകള്‍ സ്ഥാപിക്കപ്പെട്ടു.

ഒരു പരിധിവരെ കോഴിയറവ് മാലിന്യങ്ങള്‍ സംസ്‌കരിച്ചുപോകുന്നുണ്ടെങ്കിലും അനധികൃത മാലിന്യമാഫിയകള്‍ വീണ്ടും സജ്ജീവമായിതുടങ്ങി.

പന്നികര്‍ഷകര്‍ക്കു കൂടി കോഴിയറവ് മാലിന്യം കൊടുക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനമാണിതിന് കാരണം.

പന്നികര്‍ഷകരെന്ന വ്യാജേന മാലിന്യം ശേഖരിച്ചു വഴിയില്‍തള്ളുന്ന മാഫിയസംഘങ്ങള്‍ വിണ്ടും സജ്ജീമായതാണ് ഇതിനു കാരണം.

സംസ്ഥാനത്ത് 2.8 ലക്ഷം തെരുവുനായ്ക്കള്‍ ഉണ്ടെന്നാണ് കണക്ക്.

ഇവിടെയുണ്ടാകുന്ന അറവ് മാലിന്യങ്ങള്‍ 3 ലക്ഷം നായ്ക്കള്‍ക്കു കഴിക്കാനുള്ളതുണ്ട്.

അനധികൃത അറവു തടയാതെയും ശാസ്ത്രീയ അറവ് മാലിന്യ സംസ്‌കരണമൊരുക്കാതെയും തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല.

എ.ബി.സിയും, നായ ഷെല്‍ട്ടറുകളും, വാക്‌സിനേഷനും ലൈസന്‍സിങ്ങും ഒക്കെ നടക്കട്ടെ.

പക്ഷെ, ആദ്യം വേണ്ടത് അനധികൃത അറവ് നിരോധനവും ശാസ്ത്രീയ അറവ് മാലിന്യ സംസ്‌കരണവുമാണെന്നും ഡോ.പി.വി.മോഹനന്‍ പറയുന്നു.