കേന്ദ്രമന്ത്രിയെ വരെ ഇടപെടുവിച്ചു, ബി.ജെ.പി നേതാക്കള്‍ റെയില്‍വേ റിസര്‍വേഷന്‍ കേന്ദ്രം തുറപ്പിച്ചു.

തളിപ്പറമ്പ്: റിസര്‍വേഷന്‍ കൗണ്ടര്‍ തുറക്കാന്‍ കേന്ദ്രമന്ത്രി മുതല്‍ റെയില്‍വെ ബോര്‍ഡ് അംഗം വരെയുള്ളവരെ ഇടപെടുവിച്ച് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റി നടത്തിയ ഇടപെടല്‍ ഫലം കണ്ടു.

തളിപ്പറമ്പിലെ അടച്ചുപൂട്ടിയ റെയില്‍വെ റിസര്‍വേഷന്‍ കേന്ദ്രം ഇന്ന് രാവിലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

ഫെബ്രുവരി 10 നാണ് റിസര്‍വേഷന്‍ കേന്ദ്രം അടച്ചു പൂട്ടിയത്.

ടിക്കറ്റ് നല്‍കിയതിലെ ചില അപാകതകള്‍ കാരണമാണ് പാലക്കാട് ഡിവിഷണല്‍ മാനേജര്‍ റിസര്‍വേഷന്‍ കേന്ദ്രം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്.

റിസര്‍വേഷന്‍ കേന്ദ്രം അടച്ചു പൂട്ടിയത് കാരണം പൊതു ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസിലാക്കിയതോടെയാണ് ബി.ജെ.പി.

തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര റെയില്‍വെ ബോര്‍ഡ് അംഗം പി.കെ.കൃഷ്ണദാസിനെ കണ്ട് നിവേദനം നല്‍കിയത്.

ഈ ആവശ്യത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരെ ബി.ജെ.പി മണ്ഡലം ഭാരവാഹികള്‍ ബന്ധപ്പെട്ടിരുന്നു.

വിവിധ തലങ്ങളില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്നാണ് റിസര്‍വേഷന്‍ കേന്ദ്രം ഇന്ന് രാവിലെ മുതല്‍ (ഏപ്രില്‍-12) തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഡിവിഷണല്‍ മാനേജര്‍ ഉത്തരവിട്ടത്.

പൊതു സര്‍ക്കാര്‍ അവധി ദിനങ്ങളില്‍ ഒഴികെ രാവിലെ 10 മുതല്‍ റിസര്‍വേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കും.

മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന്‍, ഭാരവാഹികളായ പി.ഗംഗാധരന്‍, എ.അശോക് കുമാര്‍ എന്നിവര്‍ രാവിലെ തന്നെ റിസര്‍വേഷന്‍ കേന്ദ്രത്തിലെത്തിയിരുന്നു.

നിരവധി സാധാരണക്കാര്‍ക്ക് ഉപകാരപ്പെടേണ്ട റിസര്‍വേഷന്‍ കേന്ദ്രം തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ പാര്‍ട്ടിയുടെ ഇടപെടല്‍ സഹായകരമായതില്‍ സന്തോഷമുണ്ടെന്ന് ചെങ്ങുനി രമേശന്‍ പറഞ്ഞു.