കുറുമാത്തൂര്‍ മിച്ചഭൂമി-താലൂക്ക് വികസനസമിതിയോഗം ബഹളത്തില്‍ മുങ്ങി-

തളിപ്പറമ്പ്: കുറുമാത്തൂര്‍ വില്ലേജിലെ വിവാദമായ മിച്ചഭൂമി പ്രശ്‌നത്തില്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ വിവാദങ്ങള്‍ രൂക്ഷമായി.

കര്‍ഷകസംഘം നേതാവ് കെ.വി.ബാലകൃഷ്ണനോടൊപ്പം വിവാദഭൂമി വിലകൊടുത്ത് വാങ്ങിയവര്‍ കൂടി ചേര്‍ന്നതോടെ പ്രശ്‌നം ഗൗരവമായ ചര്‍ച്ചയായി.

തുമ്പശേരി എസ്റ്റേറ്റിന്റെ ഭാഗമായ 177 ഏക്കര്‍ വരുന്ന സ്ഥലം കൃത്രിമരേഖകള്‍ സമര്‍പ്പിച്ച് വില്‍പ്പന നടത്തിയതായും സംസ്ഥാന സര്‍ക്കാറിന് ലഭിക്കേണ്ട 100 കോടിയിലേറെ വിലമതിക്കുന്ന ഭൂമി

റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭൂമാഫിയ വന്‍വിലക്ക് വില്‍ക്കുകയാണെന്നും അടുത്ത നാളില്‍ പോലും ഭൂമിക്ക് പട്ടയം നല്‍കുകയും പോക്കുവരവ് ചെയ്ത് കൊടുക്കുകയും ചെയ്തിട്ടുണ്ടെന്നും കെ.വി.ബാലകൃഷ്ണന്‍ ആരോപിച്ചു.

ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവാദ ഭൂമികളില്‍ വന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് തടയാന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരം കാര്യങ്ങളില്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വില്ലേജ് ഓഫീസര്‍മാരെ ഭൂമാഫിയ ഉന്നത സ്വാധീനത്തിലൂടെ സ്ഥലം മാറ്റിക്കുകയാണെന്നും കെ.വി.ബാലകൃഷ്ണന്‍ ആരോപിച്ചു.

എം.പി.പ്രശാന്ത്, വി.ഗംഗാധരന്‍, വി.കെ.സന്തോഷ് എന്നിവരും ബാലകൃഷ്ണനോട് യോജിച്ചുകൊണ്ട് എഴുന്നേറ്റു. ഇതോടൊപ്പം ഈ ഭൂമി വിലകൊടുത്ത് വാങ്ങിയെങ്കിലും നികുതി സ്വീകരിക്കുകയോ

വില്‍പ്പന നടത്താന്‍ സാധിക്കാതിരിക്കുകയോ ചെയതവര്‍ കൂടി വിമര്‍ശനവുമായി വന്നതോടെ വികസനസമിതി യോഗം ബഹളത്തില്‍ മുങ്ങി.

പ്രശ്‌നത്തിലിടപെട്ട അധ്യക്ഷനും തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ അടുത്ത മാസത്തെ വികസനസമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാകുമെന്നറിയിച്ചതോടെയാണ് രംഗം ശാന്തമായത്.

മെയിന്‍ റോഡില്‍ താലൂക്ക് ഓഫീസ് ജംഗ്ഷന്‍ മുതല്‍ കപ്പാലം വരെയുള്ള ഭാഗത്തെ ഗതാഗത തടസം പരിഹരിക്കാന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ യോഗം ചേരണമെന്ന നിര്‍ദ്ദേശം വികസനസമിതി അംഗീകരിച്ചു.

കൂട്ടുംമുഖം പി.എച്ച്.സിയില്‍ കിടത്തി ചികില്‍സ ആരംഭിക്കണമെന്ന നിര്‍ദ്ദേശം വീണ്ടും അനിശ്ചിതത്വത്തിലായി. ഒരു ഡോക്ടറുടെയും ഫാര്‍മസിസ്റ്റിന്റെയും തസ്തികകള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ കിടത്തിചികില്‍സ ആരംഭിക്കാനാവൂ എന്ന് ഡി.എം.ഒ പ്രതിനിധി യോഗത്തെ അറിയിച്ചു.

മന്ന ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള പ്രശ്‌നത്തില്‍ പൊതുമരാമത്ത് വകുപ്പ് നാറ്റ്പാക്കിന്റെ നിര്‍ദ്ദേശം വികസനസമിതി മുമ്പാകെ നല്‍കാത്തത് വിമര്‍ശനത്തിനിടയാക്കി.

ഒടുവള്ളി രാജീവ് ദശലക്ഷം കോളനിയിലേക്ക് പുതിയ റോഡ് നിര്‍മ്മിക്കാന്‍ റവന്യൂ ഭൂമിക്ക് അനുമതി പത്രം നല്‍കുന്ന വിഷയത്തില്‍ തഹസില്‍ദാരോട് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ജില്ലാ-താലൂക്ക് വികസനസമിതി യോഗങ്ങളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ പ്രതിനിധി പങ്കെടുക്കാത്തത് സംബന്ധിച്ച് കുണ്ടേരി കോളനി ഊരുമൂപ്പന്‍ പോത്തേര കുമാരന്റെ പരാതി ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്താനും യോഗം തീരുമാനിച്ചു.

ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി, തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പ്രമീള എന്നിവരും യോഗത്തില്‍ പങ്കെടുത്തു.