ഏരുവേശിയില്‍ ഡോക്ടറെ വേണം-മന്ന ജംഗ്ഷനിലെ വാഹനകുരുക്ക് -പകല്‍ വഴിവിളക്ക് കത്തണ്ട-ഒറ്റപ്പാലയില്‍ പുതിയ വാട്ടര്‍ ടാങ്ക് -കാവുമ്പായി-കരിവെള്ളൂര്‍ —20 മാസത്തിന് ശേഷം താലൂക്ക് വികസന സമിതി ചേര്‍ന്നു-

തളിപ്പറമ്പ്: ഏരുവേശി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സ്ഥിരം ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ഏരുവേശി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.നാരായണന്‍ മാസ്റ്റര്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.

ഇവിടെ നിയമിച്ച ഡോ.വൈശാഖിനെ കോവിഡ് കാലത്ത് വര്‍ക്ക് അറേഞ്ച്‌മെന്റ് അടിസ്ഥാനത്തില്‍ കണ്ണൂരിലേക്ക് മാറ്റിയതോടെ

പുതിയ ഡോക്ടറെ നിയമിച്ചിട്ടില്ലെന്നും ഇത് നാട്ടുകാരെ ഏറെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം പരാതിപ്പെട്ടു.

  പ്രശ്‌നം ഡി.എം.ഒയുടെ പരിഗണനക്ക് വിടാന്‍ യോഗം തീരുമാനിച്ചു.

മന്ന ജംഗ്ഷനില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഗാന്ധിനഗര്‍ വികസന സമിതി പ്രസിഡന്റ് എ.സി.മാത്യു യോഗത്തില്‍ ആവശ്യപ്പെട്ടു.

ഇവിടെ ആവശ്യമെങ്കില്‍ സ്ഥലം അക്വയര്‍ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

അള്ളാംകുളം, ഗാന്ധിനഗര്‍ പ്രദേശങ്ങളില്‍ പകല്‍സമയത്ത് തെരുവ് വിളക്കുകള്‍ കത്തുന്നത് സ്ഥിരമായിരിക്കുകയാണെന്നും ഇതിന് പരിഹാരം കാണണമെന്നും അദ്ദേഹം പരാതിപ്പെട്ടു.

ഇക്കാര്യം കെ.എസ്.ഇ.ബിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ യോഗം തീരുമാനിച്ചു. ഗാന്ധിനഗര്‍ പ്രദേത്തെ 1,4,5,7 സ്ട്രീറ്റുകളില്‍ വാട്ടര്‍ അതോറിറ്റി ജപ്പാന്‍കുടിവെള്ള പൈപ്പ് സ്ഥാപിച്ചെങ്കിലും വെള്ളം ലഭിക്കുന്നില്ലെന്നും, ഇതിന് പരിഹാരമായി ഒറ്റപ്പാലയില്‍ പുതിയ ടാങ്ക് പണിയണമെന്നും എ.സി.മാത്യു പരാതിയില്‍ ആവശ്യപ്പെട്ടു.

പ്രശ്‌നം വാട്ടര്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ യോഗം തീരുമാനിച്ചു.

കരിവെള്ളൂര്‍-കാവുമ്പായി റോഡ് റീസര്‍വേ നടത്തി മെക്കാഡം ടാറിങ്ങ് നടത്തണമെന്ന ആവശ്യത്തില്‍ വര്‍ഷങ്ങളായിട്ടും നടപടികള്‍ ഉണ്ടാവുന്നില്ലെന്ന് പന്നിയൂര്‍ കാലിക്കടവിലെ കെ.വി.കരുണാകരന്‍ വികസന സമിതി മുമ്പാകെ പരാതിപ്പെട്ടു.

കോവിഡ് കാരണം 20 മാസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ന് രാവിലെ വികസന സമിതി യോഗം തേര്‍ന്നത്. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്ററഉടെ പ്രതിനിധി കെ.കൃഷ്ണന്‍, കെ.സുധാകരന്‍ എം.പിയുടെ പ്രതിനിധി ഇ.കെ.മധു, വി.വി.കണ്ണന്‍(സി.പി.ഐ), ജോയി പൂവത്തുങ്കല്‍(ജനാധിപത്യ കേരളാ കോണ്‍ഗ്രസ്) എന്നിവര്‍ പങ്കെടുത്തു.

തഹസില്‍ദാര്‍ പി.കെ.ഭാസ്‌ക്കരന്‍ സ്വാഗതം പറഞ്ഞു. നീണ്ട ഇടവെളക്ക് ശേഷം ചേരുന്ന വികസന സമിതി യോഗത്തില്‍ 18 പേര്‍ മാത്രമാണ് ആകെ പങ്കെടുത്തത്. ഉദ്യോഗസ്ഥ മേധാവികളാരും യോഗത്തിനെത്തിയില്ല.