പി.ജി.വിദ്യാര്‍ത്ഥികള്‍ സമരം തുടരുന്നു-ഹോസ്റ്റല്‍ ഒഴിയാന്‍ നോട്ടീസ് നല്‍കി അധികൃതര്‍-
പരിയാരം: സമരം ചെയ്യുന്ന പി.ജി ഡോക്ടര്‍മാരെ ഹോസ്റ്റലുകളില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ പി..ജി ഡോക്ടര്‍മാര്‍ പ്രതിഷേധം ശക്തമാക്കി.
എമര്‍ജന്‍സി സര്‍വിസുകളെ ബാധിക്കാതെ തികച്ചും സമാധാനപരമായി കഴിഞ്ഞ 9 ദിവസമായി സമരം ചെയ്യുന്ന പി.ജി വിദ്യാര്‍ഥികളെ മനുഷ്യത്വരഹിതമായി രാത്രിയില്‍ ഹോസ്റ്റലുകളില്‍ നിന്ന് പുറത്താക്കിയതായി കേരളാ മെഡിക്കല്‍ പി.ജി അസോസിയേഷന്‍ കണ്ണൂര്‍ ഘടകം ഭാരവാഹികള്‍ ആരോപിച്ചു.
പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും പുറത്താക്കിയിട്ടില്ലെന്ന് വൈസ് പ്രസിഡന്റ് ഡോ.അപര്‍ണാ പ്രവീണ്‍ സെക്രട്ടറി ഡോ.എസ്.എസ്.ജ്യോതിസ് എന്നിവര്‍ പറഞ്ഞു.
സ്ത്രീകളും ഗര്‍ഭിണകളും ഉള്‍പ്പെടെയുള്ള പി.ജി വിദ്യാര്‍ത്ഥികളെ അവരുടെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ മുതല്‍ അത്യാവശ്യ സര്‍വീസുകള്‍ ഒഴിവാക്കി സമരം നടത്തുകയാണെങ്കിലും കോവിഡ് ഡ്യൂട്ടി ചെയ്യുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു.
നാല് ശതമാനം ഡി.എ വര്‍ദ്ധിപ്പിക്കുക, ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കുക, അഖിലേന്ത്യാ തലത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കൗണ്‍സിലിങ്ങ് ഉടന്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.
സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ കാമ്പസിനകത്ത് പ്രകടനം നടത്തി. 74 പി.ജി വിദ്യാര്‍ത്ഥികളാണ് സമരരംഗത്തുള്ളത്.
ഡോ.ജോത്സ്യന, ഡോ.എസ്.ഷൈനി, ഡോ.അനൂപ് ആന്റണി. ഡോ.എം.അഖില്‍, ഡോ.ആര്‍.ആതിര, ഡോ.എം.വിഷ്ണുപ്രിയ., ഡോ.ജിന്‍സ് മരിയ അഗസ്റ്റിന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.