കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ 36 പുതിയ ഡോക്ടര്‍മാരെ നിയമിക്കുന്നു. സംസ്ഥാനത്താകെ 373.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പുതുതായി 36 ഡോക്ടര്‍മാരെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.(നോണ്‍ അക്കാദമിക് റസിഡന്റുമാര്‍).
സംവരണ പ്രശ്‌നത്തില്‍പെട്ട് പി.ജി.ഡോക്ടര്‍മാരുടെ പ്രവേശനം ഇനിയും ആരംഭിച്ചിട്ടില്ലാത്തതിനാല്‍ പി.ജി.വിദ്യാര്‍ത്ഥികളുടെ സേവനം ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന്
വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഡിസംബര്‍ 7 ന് പി.ജി.വിദ്യാര്‍ത്ഥികളുടെപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് 373 പുതിയ ഡോക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചത്.
ഇവര്‍ക്ക് പ്രതിമാസം 45,000 രൂപയാണ് ശമ്പളം ഇത് പി.ജി.വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റില്‍ നിന്നും സ്‌കോളര്‍ഷിപ്പില്‍ നിന്നും കണ്ടെത്തി നല്‍കാന്‍ പ്രിന്‍സിപ്പല്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം-50, കോഴിക്കോട്-72, തൃശൂര്‍-72, കോട്ടയം-75, ആലപ്പുഴ-61, ഏറണാകുളം-7, കണ്ണൂര്‍-36 എന്നിങ്ങനെയാണ് 373 ഡോക്ടര്‍മാരെ നിയമിക്കുന്നത്.
മെഡിക്കല്‍ പി.ജി.വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ സമരരംഗത്ത് തുടരുന്നതും ഇത്തരമൊരു നിയമനം നടത്താന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചതായാണ് സൂചനകള്‍.
അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആശാ തോമസാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
അതിനിടെ ഹോസ്റ്റല്‍ അടിയന്തിരമായി ഒഴിയണമെന്ന ഉത്തരവ് ലഭിച്ച പി.ജി.വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്.
കാമ്പസിന് പുറത്ത് വാടകക്ക് മുറികള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടായതും ഇവരെ വിഷമത്തിലാക്കിയിട്ടുണ്ട്.