യന്ത്രം പൊട്ടി-യുവാവ് തലകീഴായി തൂങ്ങിക്കിടന്നു-
തളിപ്പറമ്പ്: യന്ത്രം പൊട്ടി തെങ്ങില്‍ തലകീഴായി കുടുങ്ങിയ യുവാവിനെ തളിപ്പറമ്പ് അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി.
ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. കുറുമാത്തൂര്‍ സ്വദേശിയായ പി.ചന്ദ്രനാണ്(45) അപകടത്തില്‍പെട്ടത്.
കടമ്പേരി അയ്യന്‍കോവിലിലെ ബന്ധുവീട്ടില്‍ തേങ്ങപറിക്കാനെത്തിയതായിരുന്നു ചന്ദ്രന്‍.
തെങ്ങുകയറ്റയന്ത്രം ഉപയോഗിച്ച് കയറി തേങ്ങപറിച്ച് ഇറങ്ങുന്നതിനിടയില്‍ തെങ്ങുകയറ്റയന്ത്രം ഒടിഞ്ഞ് തെങ്ങിന്റെ
മധ്യഭാഗത്തായി കാല്‍ യന്ത്രത്തില്‍ കുടുങ്ങി താഴേക്ക് തലകീഴായിതൂങ്ങിയ നിലയിലായിരുന്നു ചന്ദ്രന്‍.
വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് വല ഉപയോഗിച്ച് ചന്ദ്രനെ സാഹസികമായി തെങ്ങില്‍ നിന്ന് താഴെയിറക്കിയത്.
സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സജീവന്‍ ഉള്‍പ്പെടെയുള്ള സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.