ഉഷാകുമാരിയുടെ മരണം-ഡോ.അനിതക്കെതിരെ ഭര്‍ത്താവ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കി.

തളിപ്പറമ്പ്: ആരോഗ്യ വകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കെ.പി.ഉഷാകുമാരിയുടെ മരണത്തിന് ഒടുവള്ളിത്തട്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.പി.വി.അനിതയാണ് ഉത്തരവാദിയെന്ന് കാണിച്ച് ഭര്‍ത്താവ് കരിമ്പം ഒറ്റപ്പാലനഗര്‍ അതുല്‍സില്‍ കെ.രവീന്ദ്രന്‍ തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കി.

കഴിഞ്ഞ 20 വര്‍ഷക്കാലമായി ഒടുവള്ളിത്തട്ടിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ക്ലാര്‍ക്കായി ജോലി ചെയ്തുവരികയായിരുന്ന ഉഷാകുമാരിക്ക് നട്ടെല്ലിന് രോഗം ബാധിച്ചതിനാല്‍ മേലധികാരികളുടെ അനുമതിയോടുകൂടി 20 വര്‍ഷത്തോളം ഒടുവള്ളിത്തട്ടിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് ജോലി ചെയ്തുവന്നതെന്ന് പരാതിയില്‍ പറയുന്നു.

ശാരീരിക വിഷമതകള്‍മൂലം സ്റ്റാഫ് മീറ്റിംഗില്‍ പങ്കെടുക്കുന്നതില്‍ നിന്നുവരെ ഇളവ് നല്‍കിയിരുന്നു.

ആശുപത്രിക്ക് അനുവദിച്ചു കിട്ടിയ വിവിധ ഫണ്ടുകള്‍ യാതൊരുവിധ പ്രവൃത്തികളോ പരിപാടികളോ നടത്താതെ കൃത്രിമമായി വൗച്ചറുകള്‍ ഉണ്ടാക്കി തട്ടിയെടുത്തതില്‍ ക്ലാര്‍ക്ക് എന്ന നിലയില്‍ ഉഷാകുമാരി ഡോ.അനിതയോട് ചോദിച്ചപ്പോള്‍ ചീത്തപറഞ്ഞതായും പരാതിയില്‍ പറയുന്നു.

2024 ജൂലൈ മാസം മുതല്‍ രോഗം മൂര്‍ച്ഛിച്ചതിനാല്‍ കോഴിക്കോടുള്ള ജിഎംസി ഫൗണ്ടേഷന്‍ ഓര്‍ത്തോ ഹോസ്പിറ്റലില്‍ അഡ്മിറ്റായി ഓപ്പറേഷന് വിധേയമായ ഉഷാകുമാരി മെഡിക്കല്‍ ലീവിലായിരുന്നു.

പിന്നീട് ഇവരെ ഡോ.അനിതയുടെ സമ്മര്‍ദ്ദത്തിന് വഴിപ്പെട്ട് പരിയാരം പി.എച്ച്‌സി സെന്ററിലേക്ക് സ്ഥലംമാറ്റിയെങ്കിലും 1-ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലേക്ക് കയറാന്‍ പ്രയാസമാണെന്ന കാരണത്താല്‍ പിന്നീട് കൂടിയാന്മല പി.എച്ച്.സെന്ററിലേക്ക് മാറ്റി.

2024 ഡിസംബര്‍ 4 ന് കുടിയാന്മല ഹെല്‍ത്ത് സെന്ററില്‍ ജോലിയില്‍ പ്രവേശിച്ചുവെങ്കിലും മാര്‍ച്ച് 1 വരെ മെഡിക്കല്‍ ലീവിലായിരുന്നു.

നടുവേദന കലശലായതിനെത്തുടര്‍ന്ന് ജോലി ചെയ്യുവാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കിയ ഉഷാകുമാരി ജോലിയില്‍നിന്ന് സ്വയം വിരമിക്കുവാന്‍ തീരുമാനിക്കുകയും ഇതിനായി വി.ആര്‍.എസിന് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.

വി.ആര്‍.എസ് നടപടിക്രമങ്ങളുടെ ഭാഗമായി ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനായി ഡോ.അനിതയെ സമീപിച്ചുവെങ്കിലും അപേക്ഷ പരിഗണിക്കുവനോ അവര്‍ക്കാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുവാനോ കൂട്ടാക്കിയില്ലെന്നും ഇതിനായി പലതവണ ഫോണ്‍ വിളിച്ചിട്ടും ഫോണെടുക്കാന്‍ ഡോ.അനിത തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു.

മുമ്പ് ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെപ്പറ്റി ചോദിച്ചതിലുള്ള വിരോധം കാരണം, വി.ആര്‍.എസ് അപേക്ഷക്കാവശ്യമായ രേഖകള്‍ നല്‍കാതെ മാനസികമായി ബുദ്ധിമുട്ടിക്കുന്നതില്‍ ഉഷാകുമാരി കടുത്ത വിഷമം അനുഭവിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.

2025 ഏപ്രില്‍ ഒന്നിന് വിരമിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും ഇതിനായി സമര്‍പ്പിക്കേണ്ട രേഖകള്‍ നല്‍കാതെ ഡോ.അനിത മന:പൂര്‍വ്വം ബുദ്ധിമുട്ടിച്ചതില്‍ മനംനൊന്താണ് ജനുവരി-26 ന് ആരും വീട്ടിലില്ലാത്ത സമയത്ത് കിണറില്‍ ചാടി മരിച്ചതെന്നും, ഡോ.അനിത മാത്രമാണ് ഇതിന് ഉത്തരവാദിയെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ഭര്‍ത്താവിന്റെ പരാതി.