ഉഷാകുമാരിയുടെ ആത്മഹത്യ-ഡോക്ടര്‍ അനിതയുടെ പേരില്‍ കേസെടുക്കണം: കോണ്‍ഗ്രസ്
തളിപ്പറമ്പ്: മെഡിക്കല്‍ ഓഫീസറുടെ അഴിമതി കണ്ടെത്തിയതിന് മാനസികമായി പീഡിപ്പിച്ചതാണ് കെ.പി.ഉഷാകുമാരിയുടെ ആത്മഹത്യക്ക് കാരണമെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതിയും ജന.സെക്രട്ടെറി എം.എന്‍.പൂമംഗലവും ആരോപിച്ചു.
ഒടുവള്ളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനിത എന്‍.ആര്‍.എച്ച്.എം.ഫണ്ട് പലവിധത്തില്‍ തിരിമറി നടത്തിയതിന് കൂട്ടുനില്‍ക്കാത്തത് കാരണമാണ് ഇവരെ മാനസികമായി പീഡിപ്പിച്ചതെന്നാണ് ആരോപണം.
കെ.എല്‍.13 എ.എഫ്-5859 നമ്പര്‍ വാഹനം ഒടുവള്ളി സി.എച്ച്.സിക്ക് വേണ്ടി ഓടി എന്ന് പറഞ്ഞ് ഡോ.അനിത നല്‍കിയ വൗച്ചര്‍ കണ്ണൂര്‍-
പയ്യാവൂര്‍ റൂട്ടില്‍ ഓടുന്ന ഒരു ബസിന്റേതാണെന്ന് ഉഷാകുമാരി കണ്ടെത്തിയിരുന്നു.
നടത്താത്ത പരിപാടിയുടെ പരസ്യം, പെട്രോള്‍-ഭക്ഷണച്ചെലവുകള്‍, എന്നിവയുടെ ബില്ലുകളും കൃത്രിമമായിരുന്നത് ഉഷാകുമാരി ചൂണ്ടിക്കാണിച്ചിരുന്നു.
ഈ പണമെല്ലാം മാറിയെടുത്തത് കല്യാശ്ശേരിയിലെ ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്കാണെന്നും കണ്ടെത്തി.
ഇത് ചോദ്യം ചെയ്തതിലുള്ള വിരോധവും പകയും ഡോ.അനിതക്ക് ഉഷാകുമാരിയോട് ഉണ്ടായിരുന്നു.
ഈ പക കാരണമാണ് വിരമിക്കാന്‍ ഒരു വര്‍ഷവും 5 മാസവും ബാക്കിയിരിക്കെ അസുഖബാധിതയായതിനാല്‍ വി.ആര്‍.എസ് എടുത്ത് വിരമിക്കാനുള്ള ഇവരുടെ അപേക്ഷ ഡോ.അനിത ക്ലിയറന്‍സ് കൊടുക്കാതെ തടഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
ഡോ.അനിതയുടെ പേരില്‍ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നും സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ജനുവരി 26 നാണ് ഉഷാകുമാരി കരിമ്പം ഒറ്റപ്പാലനഗറിലെ വീട്ടുകിണറില്‍ ചാടി ആത്മഹത്യ ചെയ്തത്.
ഉഷാകുമാരിയുടെ ആത്മഹത്യാകുറിപ്പില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചതായി സൂചനയുണ്ട്.
എന്നാല്‍ പോലീസ് കാര്യക്ഷമായ ഒരു അന്വേഷണവും നടത്തിയിട്ടില്ല.