വെള്ളാരംപാറ തീപിടുത്തം: സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ പുതുക്കണ്ടവും ഷഫീക്കും.

തളിപ്പറമ്പ്: പോലീസ് കസ്റ്റഡിയിലുള്ള നൂറുകണക്കിന് വാഹനങ്ങള്‍ സൂക്ഷിച്ചിരുന്ന കുറുമാത്തൂരിലെ വെള്ളാരംപാറ ഡമ്പിംഗ് യാഡിലെ തീപിടുത്തം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടവും ജനറല്‍ സെക്രട്ടറി എന്‍.യു.ഷഫീഖും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കോടികളുടെ നഷ്ടമാണ് ഇത് മൂലം സംഭവിച്ചിരിക്കുന്നത്.

ഇനി ഈ നഷ്ടം ആരാണ് നികത്തി കൊടുക്കുക എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല.

സംഭവത്തെ വളരെ നിസ്സാരമായാണ് പോലീസ് കാണുന്നത്.

അത് പ്രതിഷേധാര്‍ഹമാണ്. നിസ്സാര കേസില്‍പ്പെട്ടത് മുതല്‍ വലിയ ക്രിമിനല്‍ കേസുകളുടെ തൊണ്ടിമുതലായി പിടിച്ച വാഹനങ്ങള്‍ വരെ ഈ യാഡില്‍ ഉണ്ടായിരുന്നു.

ഇവിടെ നിന്ന് പലപ്പോഴും വാഹനങ്ങളുടെ അകത്തുള്ള വിലപിടിപ്പുള്ള സ്‌പെയര്‍പാര്‍ട്‌സുകള്‍ ഊരി കൊണ്ടുപോകുന്നതായി ആക്ഷേപം ഉണ്ടായിരുന്നു.

ഏതെങ്കിലും കേസിന്റെ തെളിവ് നശിപ്പിക്കാന്‍ ആരെങ്കിലും മനപൂര്‍വ്വം തീകൊടുത്തതാണോ എന്നും അന്വേഷിക്കേണ്ടതുണ്ട്.

വലിയ ജനവാസ മേഖലയായ ഈ പ്രദേശത്ത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഇന്ധനം നിറച്ച വാഹനങ്ങള്‍ കൂട്ടി ഇടുന്നതും ദുരന്തത്തിന്റെ ആക്കം വര്‍ധിപ്പിക്കുന്നു.

ഇന്നലെ ഉണ്ടായ വന്‍ തീ പിടുത്തത്തില്‍ തലനാരിഴക്കാണ് മനുഷ്യ ജീവനുകള്‍ രക്ഷപ്പെട്ടത്.

വന്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാനുളള മുന്നൊരുക്കവും സമഗ്രമായ അന്വേഷണവും ഈ വിഷയത്തില്‍ അത്യാവശ്യമാണെന്ന് ഇരുവരും ആവശ്യപ്പെട്ടു.