തളിപ്പറമ്പ് നഗരസഭാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് ചാവറയച്ചന്റെ പേരിടണമെന്ന് താലൂക്ക് വികസനസമിതിയില്‍ ആവശ്യം.
തളിപ്പറമ്പ: തളിപ്പറമ്പ് നഗരസഭയുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് ചാവറയച്ചന്റെ പേരിടണമെന്ന് കേരളാ കോണ്‍ഗ്രസ്(എം)തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡന്റ് ടി.എസ്.ജയിംസ് തളിപ്പറമ്പ്താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. 40 വര്‍ഷം മുമ്പ് 1985 ല്‍ സി.എം.ഐ സഭ തളിപ്പറമ്പ് പഞ്ചായത്തിന് സൗജന്യമായി നല്‍കിയ ഒരേക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്ഥാപിക്കുന്നത്. ഇന്ന് രാവിലെ നടന്ന വികസനസമിതി യോഗത്തിലാണ് ടി.എസ്.ജയിംസ് ഈ ആവശ്യം ഉന്നയിച്ചത്. നാടിന്റെ വികസനത്തിനായി ഉപയോഗിക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് സി.എം.ഐ സഭ പുഷ്പഗിരിയിലെ സ്ഥലം പഞ്ചായത്തിന് നല്‍കിയത്. ഇത് ഉപയോഗിക്കാതിരുന്നാല്‍ തിരികെ നല്‍കണമെന്ന വ്യവസ്ഥയോടെയായിരുന്നു കൈമാറ്റം. പഞ്ചായത്തും നഗരസഭയും ഒന്നും ചെയ്യാതെ സ്ഥലം വര്‍ഷങ്ങളോളം കാടുകയറിക്കിടന്നു. ഈ സ്ഥലത്ത് രണ്ടുവര്‍ഷം മുമ്പാണ് കെ.വി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ സ്മാരക സാംസ്‌ക്കാരിക നിലയം നിര്‍മ്മിച്ചത്. നഗരസഭാ പരിധിയില്‍ കളിസ്ഥലം നിര്‍മ്മിക്കാന്‍ സ്ഥലം ഇല്ലെന്ന പരാതി കഴിഞ്ഞ വര്‍ഷം നടന്ന താലൂക്ക് വികസനസമിതി യോഗത്തില്‍ ഉയര്‍ന്നുവന്നപ്പോഴാണ് ടി.എസ്.ജയിംസ് ഈ സ്ഥലത്തിന്റെ കാര്യം നഗരസഭയുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് 30 ലക്ഷം രൂപ ചെലവില്‍ ഇവിടെ കളിസ്ഥലം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് 5 കോടിയോളം രൂപ വിലമതിക്കുന്ന സ്ഥലത്ത് നിര്‍മ്മിക്കുന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് ചാവറയച്ചന്റെ പേര് നല്‍കണമെന്നത് തികച്ചും ന്യായമായ ആവശ്യമാണെന്നും ഇത് ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം രേഖാമൂലം നഗരസഭക്ക് നല്‍കാന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ നിര്‍ദ്ദേശിച്ചു.
ചെറുപുഴ-തേര്‍ത്തല്ലി-ആലക്കോട് മലയോര ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള ഫുട്പാത്തുകളില്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടികള്‍ കാല്‍നടക്കാരുടെ യാത്രാസ്ചെറുപുഴ-തേര്‍ത്തല്ലി-ആലക്കോട് മലയോര ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള ഫുട്പാത്തുകളില്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടികള്‍ കാല്‍നടക്കാരുടെ യാത്രാവാതന്ത്ര്യം നിഷേധിക്കുന്ന വിധത്തിലായെ ന്നും സൗന്ദ്യര്യവല്‍ക്കരണം ഇപ്പോള്‍ വാണിജ്യവല്‍ക്കരണമായി മാറിയതിനാല്‍ ഫുട്പാത്തുകളിലൂടെ യാത്രക്കാര്‍ക്ക് നടക്കാനാവാത്ത അവസ്ഥയാണെന്നും വികസനസമിയില്‍ പരാതി ഉയര്‍ന്നു. പൂര്‍ണമായും പൊതുജനങ്ങള്‍ക്ക് യാത്രചെയ്യാന്‍ സാധിക്കുന്നവിധത്തിലേക്ക് ഇത് മാറ്റണമെന്നും തേര്‍ത്തല്ലിയിലെ അരുണ്‍കുമാര്‍ വികസനസമിതി മുമ്പാകെ ആവശ്യപ്പെട്ടു.
തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ സ്വകാര്യവ്യക്തികള്‍ റോഡുകള്‍ക്ക് പേരിട്ട് തങ്ങളുടെ ബന്ധുക്കളുടെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തടയുമെന്ന് നഗരസഭാ സെക്രട്ടെറി അറിയിച്ചു.
കരിമ്പംഫാമിനകത്തെ പൗരാണികമായ കരിപ്പത്ത് കോവിലകം അവശിഷ്ടങ്ങളും മണിക്കിണറും ഉള്‍പ്പെടെയുള്ളവ സംരക്ഷിക്കണമെന്ന് ആനപ്പള്ളി ഗോപാലന്‍ സമിതി മുമ്പാകെ ആവശ്യപ്പെട്ടു.
എരുവാട്ടി കമ്യൂണിറ്റി ഹാളിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും അറ്റകുറ്റപ്പണികല്‍ നടത്തി ഉപയോഗയോഗ്യമാക്കണമെന്നും മേനോനിക്കല്‍ സാനിച്ചന്‍മാത്യു ആവശ്യപ്പെട്ടു.
തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.സുരേഷ്‌കുമാര്‍, എസ്.ഐ. കെ.വി.സതീശന്‍ എന്നിവര്‍ പങ്കെടുത്തു.