ചാച്ചാജി വാര്‍ഡ് സി.പി.എം സഹകരണസംഘത്തിന് നല്‍കാന്‍ അനുവദിക്കില്ല: മാര്‍ട്ടിന്‍ ജോര്‍ജ്.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ വ്യാപക അഴിമതിയും ക്രമക്കേടുമാണ് നടക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

ചാച്ചാജി വാര്‍ഡ് സിപിഎം സഹകരണ സംഘത്തിന് കൈമാറിയത് നിയമവിരുദ്ധമായതാണെന്നും വാര്‍ഡ് പാംക്കോസിന് നല്‍കിയ നടപടി അടിയന്തിരമായും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മെഡിക്കല്‍ കോളേജിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

സാധാരണക്കാര്‍ക്ക് ആശ്രയമാവേണ്ട ഗവ മെഡിക്കല്‍ കോളേജില്‍ നടക്കുന്നത് ആശാവഹമായ കാര്യങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രശാന്തനെ പോലുള്ള അഴിമതിക്കാര്‍ക്കും ക്രിമിനലുകള്‍ക്കുമുള്ള താവളമായി മെഡിക്കല്‍ കോളേജ് മാറിയെന്നും മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി.

ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു.

കെപിസിസി മെമ്പര്‍മാരായ എം.പി ഉണ്ണികൃഷ്ണന്‍, കൊയ്യം ജനാര്‍ദ്ദനന്‍, രജനി രാമാനന്ദ് എന്നിവര്‍ പ്രസംഗിച്ചു.

ഡിസിസി ഭാരവാഹികളായ ടി ജയകൃഷ്ണന്‍, അഡ്വ.കെ.ബ്രിജേഷ് കുമാര്‍, അജിത് മാട്ടൂല്‍, രജിത് നാറാ.ത്ത്, നൗഷാദ് ബ്ലാത്തൂര്‍, കെ.നബീസബീവി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ പി.കെ. സരസ്വതി, ജയരാജ് പയ്യന്നൂര്‍, കെ പി ശശിധരന്‍, പി.വി.സജീവന്‍, പി.സുഖദേവന്‍ മാസ്റ്റര്‍, രാജീവന്‍ വെള്ളാവ്,  വി.വി.സി.ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മാടായി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി രാജന്‍ സ്വാഗതവും കല്യാശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കൂനത്തറ മോഹനന്‍ നന്ദിയും പറഞ്ഞു.