അന്തര്‍ധാര കല്യാശേരിയിലും സജീവമായിരുന്നതായി വാട്‌സ്ആപ്പ് പോസ്റ്റുകള്‍.

പിലാത്തറ: എങ്ങിനെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ വോട്ടു കുറഞ്ഞു സഖാവെ പഠിക്കണം.

കാസര്‍ഗോഡ് ലോകസഭാ മണ്ഡലത്തിലെ കല്യാശേരി നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിത്ത് 1058 വോട്ട് മാത്രം ഭൂരിപക്ഷം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ വിവിധ പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ എങ്ങിനെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ വോട്ടു കുറഞ്ഞു സഖാവെ പഠിക്കണം എന്ന തലക്കെട്ടില്‍ വിവാദ പോസ്റ്റുകള്‍ പരന്നൊഴുകുകയാണ്.

പാര്‍ട്ടി നിയന്ത്രണത്തിലുള്ള വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാന്‍ നിര്‍ബന്ധിതരായ
സഖാക്കളുടെ വീട്ടില്‍ പണം തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുബോള്‍ നിയമനടപടി സ്വീകരിക്കാതെ വീട്ടില്‍ ചെന്ന് ബാങ്ക് ഉദ്യാഗസ്ഥരായ ഉന്നത സഖാക്കള്‍ ഭീഷണിപ്പെടുത്തുകയും ജാമ്യകാരായ സ്ത്രീകളോടു പോലും മാന്യമല്ലാത്ത രീതില്‍ പെരുമാറുകയും അടക്കാന്‍ സാധിക്കാത്ത നിര്‍ദ്ധനരെ ഭീഷണിപ്പെടുത്തുകയും ചെയ്താല്‍ ആരാണ് സഖാവിന് വോട്ടു ചെയ്യുക എന്നതാണ് ഒരു ചോദ്യം.

ജനങ്ങളെ മറന്ന് സ്വന്തം താല്‍പര്യത്തിന് ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന നേതാക്കളായ ബാങ്ക് ജീവനക്കാരാണ് ഈ കല്ല്യാശ്ശേരി മണ്ഡലത്തിലെ സഖാക്കളുടെ വോട്ട് ഇല്ലാതാക്കാന്‍ ശ്രമിച്ചതിന് ഒരു പ്രധാന കാരണമെന്നും പോസ്റ്റില്‍ ആരോപിക്കുന്നുണ്ട്.

കുടുംബശ്രീയുടെ തലപ്പത്തുള്ള ചിലസ്ത്രീകളുടെ ഏകാധിപത്യസമീപനങ്ങളും വിമര്‍ശനവിധേയമാകുന്നുണ്ട്.

പ്രാദേശിക നേതാക്കള്‍ സമ്പന്നരുടെ കയ്യാളുകളായി മാറുന്നതായും സാധാരണ പ്രവര്‍ത്തകരെ മറക്കുന്നതായും വിമര്‍ശിക്കുന്ന പോസ്റ്റുകളില്‍ ഇനിയെങ്കിലും മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടി ഉണ്ടാകും.

ഇല്ലെങ്കില്‍ പാര്‍ട്ടിയും ബാങ്കും ഒന്നും ഉണ്ടാക്കില്ലെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

ഇത്തരം പോസ്റ്റുകള്‍ക്ക് പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണെന്നതാണ് ഏറെ രസകരം.