കാര്‍മുകിലിന്‍ തേന്‍മാവില്‍ പൊന്ന്-@37.
1987 ജൂണ്‍-5ന് 37 വര്‍ഷം മുമ്പ് റിലീസായ സിനിമയാണ് പൊന്ന്. പി.ജി.വിശ്വംഭരന്റെ സംവിധാനത്തില്‍ റോയല്‍ അച്ചന്‍കുഞ്ഞ് നിര്‍മ്മിച്ച സിനിമ സ്‌നേഹിച്ച പെണ്ണിനെ തട്ടിയെടുത്ത അച്ഛനെ നേരിടുന്ന മകന്റെ കഥയാണ് പറഞ്ഞത്.
പഞ്ച പാവം നായകന്‍ ഒരു സ്ത്രീയുടെ പ്രോത്സാഹനത്തോടെ തന്റേടിയായി മാറുന്ന കാഴ്ചയും ചിത്രത്തിലുണ്ട്.
എ.ആര്‍.മുകേഷിന്റെ കഥയ്ക്ക് കലൂര്‍ ഡെന്നീസ് തിരക്കഥയെഴുതി. പി ഭാസ്‌ക്കരന്‍-ഔസേപ്പച്ചന്‍ ടീമിന്റെ രണ്ട് മനോഹര ഗാനങ്ങള്‍ പൊന്നിന്റെ മാറ്റ് കൂട്ടുന്നു.
ലോകത്ത് ഏറ്റവും വില കൂടിയ രണ്ട് സാധനങ്ങള്‍ – പൊന്നും പെണ്ണും എന്ന് വിശ്വസിക്കുന്ന അച്ചുത്തട്ടാര്‍ (തിലകന്‍). പണം പലിശയ്ക്ക് കൊടുക്കലാണ് സ്വര്‍ണ്ണപ്പണി കഴിഞ്ഞാലുള്ള ആ തട്ടാന്റെ പണി. ക്രൂരനായ അച്ഛനുമാണയാള്‍. അച്ഛന്റെ ദുഷ്ടത്തരം കണ്ട് സഹിക്കാനാവാത്ത പഞ്ചപാവം മകന്‍ (അശോകന്‍) നാട് വിട്ട് പട്ടണത്തില്‍ ജോലിക്ക് ചേര്‍ന്നു.
പുതിയ സ്ഥലത്തെ അയല്‍ക്കാരി (ശാരി) അവനെ ഇഷ്ടപ്പെട്ടു. അവന് പക്ഷെ നാട്ടില്‍ ഇഷ്ടക്കാരി ഉണ്ടല്ലോ (സിതാര). അവള്‍ക്കുള്ള പൊന്നുമായി വീട്ടില്‍ ചെല്ലുമ്പോള്‍ അവളെ അച്ഛന്‍ കല്യാണം കഴിച്ചിരിക്കുന്നു! അവളുടെ അച്ഛന്‍, തട്ടാരുടെ കടക്കാരനായിരുന്നു. തട്ടാന്‍ പലിശയടക്കം മുതലാക്കിയത് മകളുടെ പ്രായമുള്ള ഒരുവളെ കല്യാണം കഴിച്ച്. പഞ്ചപാവമായിരുന്ന മകന്‍ തന്റേടിയായി അച്ഛനെ കീഴ്പ്പെടുത്തുന്നു.
\മാനത്തെ തട്ടാന്റെ മണിമാല, കാര്‍മുകിലിന്‍ തേന്മാവില്‍ എന്നീ ഗാനങ്ങളുടെ ആസ്വാദ്യതയ്ക്ക് ഇപ്പോഴും മാറ്റ് കുറഞ്ഞിട്ടില്ല.
പി ഭാസ്‌ക്കരനും ഔസേപ്പച്ചനും ഒരുമിച്ച അപൂര്‍വം ചിത്രങ്ങളിലൊന്നാണ് പൊന്ന്.
അശോകന്‍, തിലകന്‍, വിനീത്, ജഗതി, ഇന്നസന്റ്, സിതാര, ശാരി, ജയലളിത, കലാരഞ്ജിനി, തനൂജ, ഭാഗ്യലക്ഷ്മി എന്നിവരാണ് പ്രധാന താരങ്ങള്‍.
സി.ഇ.ബാബുവാണ് ക്യാമറ, എഡിറ്റര്‍ ജി.വെങ്കിട്ടരാമന്‍, പരസ്യം-ഗായത്രി അശോക്. പി.ഭാസ്‌ക്കരന്റെ വരികള്‍ക്ക് ഔസേപ്പച്ചന്റെ സംഗീതം.