ലീഗുകാര്‍ക്കെതിരെ ആക്രമം-തളിപ്പറമ്പിലും പരിയാരത്തുമായി 10 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: മുസ്ലിംലീഗ് നേതാക്കളെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് നാലുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

തളിപ്പറമ്പിലെ പഴയപുരയില്‍ കണ്ടന്‍ പി.കെ.മുഹമ്മദ് ഷബീബ്(22), പരിയാരം ഇരിങ്ങലിലെ മുഹമ്മദ് മുസ്തഫ(22), പരിയാരത്തെ പണിക്കരകത്ത് ഷാജഹാന്‍(22), ഏര്യം പാണപ്പുഴയിലെ കായക്കൂല്‍ ഹൗസില്‍മുഹമ്മദ് ഷഫീഖ്(22), ആലക്കാട് ഫാറൂഖ്‌നഗറിലെ കീരന്റകത്ത് ഹൗസില്‍ കെ.റഷീദ്(22), ഏര്യം കണ്ണങ്കൈയിലെ മഠത്തില്‍ ഹൗസില്‍ മുഹമ്മദ് ഫഹദ്(22) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

മുസ്ലിം ലീഗ് ഏര്യം ശാഖാ ട്രഷറര്‍ എന്‍.പി.അബൂബക്കര്‍(55), വൈസ് പ്രസിഡന്റ് എന്‍.പി.അബ്ദുള്ള(50), അബ്ദുള്‍റസാക്ക്(45), എ.ഷംസീര്‍(27) എന്നിവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.

ഇവര്‍ സഞ്ചരിച്ച കാറിന്റെ ചില്ലുകളും അടിച്ചുതകര്‍ത്തു. ഞായറാഴ്ച്ച രാത്രി എട്ടോടെ ചപ്പാരപ്പടവ്തുയിപ്ര ചെമ്മിണിച്ചൂട്ട റോഡിലായിരുന്നു സംഭവം.

തളിപ്പറമ്പില്‍ നിന്നും രണ്ട് ബൈക്കുകളിയായി പിന്തുടര്‍ന്നുവന്നാണ് എസ്.ഡി.പി.ഐ സംഘം കാര്‍ തടഞ്ഞ് അക്രമം നടത്തിതെന്നാണ് പരാതി.

ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. കണ്ണങ്കൈ ഫുട്‌ബോള്‍ഗ്രൗണ്ടിന് സമീപം ഒരു സംഘം യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ എം.അനസിനാണ്(20) ആദ്യം മര്‍ദ്ദനമേറ്റത്.

ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനസിനെ സന്ദര്‍ശിച്ച് മടങ്ങവെയാണ് കാര്‍ തടഞ്ഞുനിര്‍ത്തി അക്രമം നടന്നത്. അനസിനെ ആക്രമിച്ച സംഭവത്തില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അസീസ്, സെയിഫുദ്ദീന്‍, അബ്ദുള്ള, നിഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ഇവരെ അക്രമിച്ചതിന് അനസ് ഉള്‍പ്പെടെയുള്ള ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.