റബ്ബര്‍ പുകപ്പുര കത്തിച്ചതായി പരാതി-ഒന്നരലക്ഷം രൂപയുടെ നഷ്ടം.

തളിപ്പറമ്പ്: റബ്ബര്‍ പുകപ്പുര കത്തിനശിച്ചു, ഒരു ലക്ഷം രൂപ വിലവരുന്ന 6 ക്വിന്റല്‍ റബ്ബര്‍ ഉള്‍പ്പെടെ കത്തിനശിച്ചു.

പരിയാരം പോലീസ് പരിധിയില്‍ പുളിയൂലില്‍ ഇന്ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം നടന്നത്.

കോരന്‍പീടികയിലെ വിമല അപ്പുക്കുട്ടന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തിലെ പുകപ്പുരക്കാണ് തീപിടിച്ചത്.

പുകപ്പുര ഭാഗികമായും അകത്തുണ്ടായിരുന്ന ഉണക്കാനിട്ട റബ്ബര്‍ ഉള്‍പ്പെടെ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.

പരിസര പ്രദേശത്തെങ്ങും വീടുകളില്ലാത്തതിനാല്‍ തീപടര്‍ന്നതിന് ശേഷമാണ് ആളുകള്‍ കണ്ടത്.

വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിയ ഗ്രേഡ് എ.എസ്.ടി.ഒ ബാലചന്ദ്രന്‍,

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഉമേഷ്, ശ്രീകാന്ത്, സുധീഷ്, അഭിനേഷ്, ഹോംഗാര്‍ഡ് രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട സംഘം ഒരുമണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്.

പുകപ്പുരയുടെ പൂട്ടിയ രണ്ട് വാതിലുകകളും തകര്‍ക്കപ്പെട്ട നിലയിലാണ്. ഒന്നരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.

ആരോ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് തീയിട്ടതായാണ് സംശയിക്കുന്നതെന്ന് സ്ഥലമുടമ പറഞ്ഞു.

പരിയാരം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡന്റും വാര്‍ഡംഗവുമായ പി.പി.ബാബുരാജന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.