വെള്ളം കുടിക്കണോ–8-ാംനിലയില്‍ നിന്ന് ഒന്നാം നിലയിലേക്ക് വാ–
സന്നദ്ധ സംഘടനകള്‍ കനിയുമോ-?
പരിയാരം: എട്ടാംനിലയില്‍ നിന്നും കുടിവെള്ളമെടുക്കാന്‍ രോഗിയോ കൂട്ടിരിപ്പുകാരോ താഴെ ഗ്രൗണ്ട്ഫ്ളോറിലെ കാന്റീനിലെത്തണം.
പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കാണ് ഈ ദുര്‍ഗതി.
എല്ലാ നിലകളിലും ചൂടുവെള്ളവും ശുദ്ധീകരിച്ച വെള്ളവും മുന്‍കാലങ്ങളില്‍ യഥേഷ്ടം ലഭിച്ചിരുന്നു.
എന്നാല്‍ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ കുടിവെള്ളത്തിന് എട്ടാംനിലയില്‍ കിടക്കുന്ന രോഗികളും താഴെ എത്തിയേ പറ്റൂ.
പരിയാരം മെഡിക്കല്‍ കോളേജ് സഹകരണ മേഖലയിലായിരുന്നപ്പോള്‍ വാട്ടര്‍പ്യൂരിഫയറുകള്‍ കേടായികഴിഞ്ഞാല് വളരെ പെട്ടെന്ന് തന്നെ റിപ്പേര്‍ ചെയ്ത് പ്രശ്നം പരിഹരിക്കാറുണ്ടായിരുന്നു.
ഇപ്പോള്‍ നാല് വര്‍ഷം കൊണ്ട് എല്ലാ നിലകളിലേയും ഈ സംവിധാനങ്ങള്‍ പൂര്‍ണമായി ഇല്ലാതായി, എല്ലാംതന്നെ കേടായിക്കിടക്കുകയാണ്.
ഇത് റിപ്പേര്‍ ചെയ്യാനോ, പുതിയവ സ്ഥാപിക്കാനോ സര്‍ക്കാറില്‍ നിന്ന് ഫണ്ട് ലഭിക്കുന്നില്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്.
ഏതെങ്കിലും സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ടാല്‍ എല്ലാ നിലകളിലും കുടിക്കാന്‍ ശുദ്ധജലവും ചൂടുവെള്ളവും യഥേഷ്ടം
എത്തിക്കാമെങ്കിലും ബന്ധപ്പെട്ടവര്‍ അതിന് തയ്യാറാകുന്നില്ലെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.