കീഴാറ്റൂര്‍ വയലില്‍ ചിറകൊടിഞ്ഞ വയല്‍ക്കിളികളുടെ തൂവലുകള്‍ തളിര്‍ക്കുന്നു

കരിമ്പം.കെ.പി.രാജീവന്
തളിപ്പറമ്പ്: ചിറകൊടിഞ്ഞുവീണ വയല്‍ക്കിളികളുടെ തൂവലുകള്‍ കീഴാറ്റൂര്‍ വയലില്‍ തളിര്‍ത്തുതുടങ്ങി.
വികസനവിരുദ്ധരെന്ന് ലേബലൊട്ടിച്ച് ഉയര്‍ന്ന നഷ്ടപരിഹാരം എന്ന ചൂണ്ടയില്‍ കുരുക്കിയ വയല്‍ക്കിളികള്‍ അന്ന് പറഞ്ഞത് ഇപ്പോള്‍ സത്യമാവുന്നു.
നൂറ് വീട് സംരക്ഷിക്കാനായി 30 വീടുകളും 11 ഏക്കര്‍ വയലും മാത്രമേ നഷ്ടപ്പെടൂ എന്നായിരുന്നു വികസനവാദികള്‍ പറഞ്ഞത്.
എന്നാല്‍ 2017 സെപ്തംബര്‍ 14 ന് ആരംഭിച്ച വയല്സംരക്ഷണത്തിനായുള്ള സമരത്തെ അടിച്ചമര്‍ത്തുകയും ഉയര്‍ന്ന നഷ്ടപരിഹാരം എന്ന ചുണ്ടയിട്ട് സമരരംഗത്തുള്ളവരെ അടര്‍ത്തിയെടുക്കുകയും ചെയ്താണ് സമരത്തെ എതിര്‍ത്ത സി.പി.എം വിജയിച്ചത്.
2021 ഡിസംബര്‍ മാസത്തിലാണ് വയല്‍ മണ്ണിട്ട് നികത്തിത്തുടങ്ങിയത്. വയലില്‍ വെള്ളം കടന്നുപോകാനായി അന്ന് സ്ഥാപിച്ച ചെറിയ പൈപ്പുകള്‍ റോഡിനെയും നാടിനെയും വെള്ളത്തില്‍ മുക്കുമെന്ന് അന്നും വയല്‍ക്കിളികള്‍ പറഞ്ഞിരുന്നു.
പക്ഷെ, എല്ലാ കിളിയൊച്ചകളും അവസാനിച്ചത് ബധിരകര്‍ണങ്ങളിലായിരുന്നു.
മഴകനത്തതോടെയാണ് വയല്‍ക്കിളികള്‍ പറഞ്ഞ സത്യം സത്യമാണെന്ന് നാട് തിരിച്ചറിയുന്നത്.
250 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ മണ്ണ് നിറച്ചതോടെ ചെറിയമഴപെയ്താല്പോലും കീഴാറ്റൂര്‍ പ്രദേശം വെള്ളത്തില്‍ മുങ്ങുകയാണ്.
നേരത്തെ നിര്‍ദ്ദേശിച്ച പ്ലാന്‍പ്രകാരം ആറുവരിപ്പാത കടന്നുപോകുമായിരുന്ന തളിപ്പറമ്പ് പട്ടണത്തിലെ ചില മുതലാളിമാരുടെ കെട്ടിടങ്ങളും വസ്തുവകകളും
രക്ഷിച്ചെടുക്കാനായാണ് ദേശീയപാത66 കീഴാറ്റൂരെന്ന ഗ്രാമത്തിലൂടെ തിരിച്ചുവിടാന്‍ വികസനവാദികള്‍ തീരുമാനിച്ചത്.
കുപ്പം പുഴയ്ക്കും കുറ്റിക്കോല്‍ പുഴയ്ക്കും ഇടയിലുള്ള ഫലഭൂയിഷ്ടവും പരിസ്ഥിതി പ്രാധാന്യമുള്ളതുമായ ഈ പ്രദേശത്ത് 250 ഏക്കറോളം നെല്വയലുകളാണുള്ളത്.
നാനൂറില്പരം ചെറുകിട ഇടത്തരം കര്‍ഷകരാണ് ഈ ഭൂമിയുടെ ഉടമസ്ഥര്‍.
കനത്ത വെള്ളക്കെട്ടുള്ള ഇവിടെ ഒന്നാംവിള നെല്‍കൃഷി നടക്കാറില്ല. രണ്ടാംവിള നെല്‍കൃഷിക്ക് പുറമെ പച്ചക്കറികൃഷിയും ഈ വയലുകളില്‍ നടന്നിരുന്നു.
തളിപ്പറമ്പ് നഗരസഭാ പ്രദേശത്തെ ഏറ്റവും താഴ്ന്നുനില്‍ക്കുന്ന ഈ പ്രദേശത്തിന്റെ മൂന്നുഭാഗവും കുന്നുകളാണ്. കുന്നുകളില്‍ നിന്നുള്ളവെള്ളം സംഭരിക്കപ്പെടുന്നത് താഴ കീഴാറ്റൂരിലെയും കുറ്റിക്കോലിലെയും നെല്ലറകളിലാണ്.
ഇത്തരത്തില്‍ സംഭരിക്കപ്പെടുന്ന വെള്ളമാണ് കീഴാറ്റൂര്‍ തോടിനപ്പുറത്തും ഇപ്പുറത്തുമുള്ള വീട്ടുകിണറുകളില്‍ കുടിവെള്ളമായി നിറയുന്നത്.
47.5 ഏക്കര്‍ നെല്‍വയലാണ് റോഡിന് വേണ്ടിമാത്രം ഇവിടെ മണ്ണിട്ടുയര്‍ത്തിയത്, ഇതോടെ ഇതിനിരുപുറവുമായുള്ള വയലുകളും നശിച്ചു. ഇപ്പോള്‍ റോഡിനായി മണ്ണിട്ടുയര്‍ത്തിയ സ്ഥലത്തിനടിയിലിട്ട
ചെറിയ പൈപ്പുകളിലുടെ ഒഴുകിത്തിരാത്ത വെള്ളം റോഡിനെയും കടന്ന് കരകവിഞ്ഞ് മുഴുവന്‍ സ്ഥലവും വെള്ളത്തിലാഴ്ത്തുകയാണ്.
റോഡിന്റെ പകുതിഭാഗം മാത്രം ഉയര്‍ത്തിയപ്പോഴുള്ള സ്ഥിതിയാണിത്. ബാക്കിഭാഗം കുടി ഉയര്‍ത്തുന്നതോടെ
ഇരുഭാഗങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം റോഡിലേക്ക് കയറി കീഴാറ്റൂരിനെ മുക്കിക്കളയുമെന്ന നിലയിലാണ് സ്ഥിതിഗതികള്‍. എന്നാല്‍ അധികൃതര്‍ക്കും വികസനവാദികള്‍ക്കും യാതൊരുവിധ കുലുക്കവുമില്ല.
