യൂത്ത്‌ലീഗിന്റെ ഇടപെടല്‍ ഫലംകണ്ടു-കുപ്പത്തെ കുഴി മൂടും കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ്: യൂത്ത്‌ലീഗിന്റെ ഇടപെടല്‍ ഫലംകണ്ടു, ദേശീയ പാതയില്‍ കുപ്പത്തെ റോഡ് തകര്‍ച്ചക്ക് ശാശ്വത പരിഹാരമാവും.

ഈ ആവശ്യമുന്നയിച്ച് യൂത്ത് ലീഗ് ഭാരവാഹികള്‍ റോഡ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയിരുന്നു.

ഇന്ന് തന്നെ പ്രവൃത്തി നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ദേശീയ പാതയില്‍ എന്.എച്ച് 66ല്‍ കുപ്പം പാലത്തിന് സമീപം റോഡ് ഇടിഞ്ഞ് താഴ്ന്ന് കുഴി രൂപപ്പെട്ടത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

റോഡ് അറ്റകുറ്റപ്പണികള്‍ നടത്തി യാത്ര സുഖമമാക്കണമെന്നാവശ്യപ്പെട്ട് നോര്‍ത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍, ദേശീയപാത വികസന

പദ്ധതിയുടെ ഭാഗമായി നിര്‍മാണ കരാറെടുത്ത കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി.

വിളയാങ്കോടുള്ള കരാര്‍ കമ്പനിയുടെ താല്‍ക്കാലിക സൈറ്റ് ഓഫീസില്‍ എത്തിയാണ് ചര്‍ച്ച നടത്തിയത്.

ഒറ്റ നോട്ടത്തില്‍ റോഡിന്റെ താഴ്ച്ച വാഹന യാത്രികരുടെ ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ ഒരേ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍പ്പെടാനുള്ള സാദ്ധ്യത ഏറെയാണ്.

ഇരുചക്ര- മുച്ചക്ര വാഹനങ്ങളാണ് കൂടുതലായും അപകടത്തില്‍പ്പെടാന്‍ സാദ്ധ്യതയെന്നും ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. ഇവിടെ നിരന്തരമായി ഉണ്ടാകുന്ന റോഡ് തകര്‍ച്ചക്ക് ശാശ്വത പരിഹാരം കാണണമെന്നും യൂത്ത് ലീഗ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

ഇന്ന് തന്നെ പ്രവൃത്തി നടത്താമെന്ന് കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കി. ശാഖ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി.ശിഹാബ്, ഭാരവാഹികളായ ഷഹബാസ്, ജുനൈദ് ബത്താലി എന്നിവര്‍ യൂത്ത് ലീഗിന്റെ പ്രതിനിധികളായി ചര്‍ച്ചയില്‍ പങ്കെടുത്തു.