ടാഗോറില്‍ ഓണപ്പരീക്ഷ എഴുതാന്‍ 100 രൂപ ഫീസ്.

തളിപ്പറമ്പ്: ഓണപ്പരീക്ഷ എഴുതണോ, 100 രൂപ ഫീസടക്കണം.

സര്‍ക്കാര്‍ വിദ്യാലയമായ ടാഗോര്‍ വിദ്യാനികേതന്‍ ഗവ.എച്ച്.എസ്.എസിലാണ് കേട്ടുകേള്‍വിപോലുമില്ലാത്ത ഈ പരീക്ഷാഫീസ്.

കൂട്ടികളെ ചേര്‍ക്കുമ്പോള്‍ വാങ്ങുന്ന പി.ടി.എ ഫണ്ടിന് പുറമെയാണ് ഓരോ വിദ്യാര്‍ത്ഥികളില്‍ നിന്നും ഇത്തരത്തില്‍ 100 രൂപ ഫീസ് പിരിക്കുന്നത്. 769 കുട്ടികളാണ് ടാഗോര്‍ വിദ്യാനികേതനില്‍ പഠിക്കുന്നത്.

ഇത് സംബന്ധിച്ച് രക്ഷിതാക്കള്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

പരാതിയുടെ കോപ്പി കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിന് ലഭിച്ചതിനെ തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യാധ്യാപകന്‍ ഗോവിന്ദനെ ബന്ധപ്പെട്ടപ്പോള്‍ പരീക്ഷ എഴുതാനുള്ള കടലാസ് വാങ്ങാനാണ് 100 രൂപ പിരിക്കുന്നതെന്നായിരുന്നു മറുപടി.

വിവിധ സ്റ്റാമ്പുകളുടെ വിലയും പരിക്ഷാ നടത്തിപ്പിന് വരുന്ന ചെലവുകളും കണ്ടെത്താനാണ് 100 രൂപ വെച്ച് വാങ്ങിയതെന്നും ചെലവ് കഴിച്ച് ബാക്കി വരുന്ന തുക തിരിച്ച് നല്‍കുമെന്നും മുഖ്യാധ്യാപകന്‍ പറഞ്ഞു.

സ്‌കൂളില്‍ സ്റ്റാഫ് കൗണ്‍സിലിലോ പി.ടി.എ കമ്മറ്റിയിലോ കാര്യമായ ഒരു ചര്‍ച്ചയും നടത്താതെയാണ് ഇപ്പോള്‍ ടാഗോര്‍ വിദ്യാനികേതനില്‍

പല കാര്യങ്ങളും നടപ്പിലാക്കുന്നതെന്നും സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ ഇടപെടണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരത്തില്‍ 100 രൂപ വീതം പരീക്ഷാഫീസ് പിരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് അവകാശമില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞത്.