കല്ലിങ്കീല്‍ പത്മനാഭന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നു-സസ്‌പെന്‍ഷന്‍ പിന്‍വലിക്കും.
തളിപ്പറമ്പ്: മുന്‍ കെ.പി.സി.സി അംഗവും ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ കല്ലിങ്കീല്‍ പത്മനാഭന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും.
സെപ്തംബര്‍ 11 മുതല്‍ 29 വരെ കേരളത്തില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ച ജോഡോ യാത്രയുടെ ഭാഗമായിട്ടാണ് തീരുമാനം.
കല്ലിങ്കീലിനെ ആറ് മാസത്തേക്കാണ് നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നത്.
തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഡി.സി.സി കല്ലിങ്കീലിനെതിരെ നടപടി സ്വീകരിച്ചത്.
എന്നാല്‍ നഗരസഭാ വൈസ് ചെയര്‍മാനായി അദ്ദേഹം തുടരുകയാണ്. കല്ലിങ്കീലിനെ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ചിലര്‍ ശ്രമം നടത്തിയെങ്കിലും ഉന്നത നേതൃത്വം ഇതിനെ എതിര്‍ക്കുകയായിരുന്നു.
പാര്‍ട്ടി സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചുവെങ്കിലും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി മറ്റൊരു പാര്‍ട്ടിയിലേക്കും പോകാതെയും നേതൃത്വത്തെ വിമര്‍ശിക്കാതെയും അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുകയായിരുന്നു.
തളിപ്പറമ്പ് കോണ്‍ഗ്രസിലെ തലയെടുപ്പുള്ള കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ ജോഡോ യാത്രാവേളയില്‍ കല്ലിങ്കീലിനെ പാര്‍ട്ടിക്കൊപ്പം ചേര്‍ത്തുനിര്‍ത്താന്‍ കെ.പി.സി.സി നേതൃത്വം ഉള്‍പ്പെടെ പച്ചക്കൊടി കാട്ടിയിരിക്കയാണ്.
ഇതോടൊപ്പം മമ്പറം ദിവാകരനെ പോലുള്ള നേതാക്കളേയും തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ടെന്നാണ് വിവരം.