ലോകത്തെ അഞ്ചാമത്തെ മികച്ച രാജ്യത്തിന് സ്വന്തമായി വിമാനസര്‍വീസ് പോലുമില്ല- അമല്‍ രവി.

തളിപ്പറമ്പ്: ഇന്ത്യാരാജ്യത്തെ ലോകത്തെ മികച്ച അഞ്ചാമത്തെ രാജ്യമായി മാറ്റിയെന്ന് ഭരണകൂടം ആവേശപൂര്‍വ്വം പറയുമ്പോഴും, സ്വന്തമായി ഒരു വിമാനകമ്പനിപോലും ഇല്ലാത്ത രാജ്യമായി ഇന്ത്യ മാറിയെന്ന് ബെഫി സംസ്ഥാന ജോ.സെക്രട്ടെറി അമല്‍രവി.

കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ റീഡിങ്ങ്‌റൂം ആന്റ് ലൈബ്രറിയും ബെഫി തളിപ്പറമ്പ് ഏരിയാ കമ്മറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച പൊതുമേഖലാ സ്വകാര്യവല്‍ക്കരണത്തിനെതിരെയുള്ള ജനസദസ് പരിപാടിയില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലാ ബാങ്കുകളും, കമ്പിതപാല്‍വകുപ്പും, ബി.എസ്.എന്‍.എല്ലും റെയില്‍വെയും ഉള്‍പ്പെടെ എല്ലാം സ്വകാര്യമേഖലക്ക് അടിയറവെക്കുന്ന കാഴ്ച്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ ചെറുത്ത്‌നില്‍പ്പ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസ്യത മുഖമുദ്രയാക്കിയ എല്‍.ഐ.സിയെപോലും ഇല്ലാതാക്കുന്ന നയങ്ങള്‍ ഭാവിയില്‍ ഈ മേഖലയിലെ തൊഴിലവസരങ്ങളും ഇല്ലാതാക്കുന്ന നിലയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അമല്‍ രവി ഓര്‍മ്മിപ്പിച്ചു.

കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ.പി.എം.റിയാസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ.എം.ചന്ദ്രബാബു, എ.സി.മാത്യു എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടെറി സി.രാഹുല്‍ സ്വാഗതവും എന്‍.പി.പ്രിയപ്പന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.