ഗവ.ആയുര്‍വേദ കോളേജിലെ അമ്മയും കുഞ്ഞും ആശുപത്രി ഒക്ടോബര്‍ ഒന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങും-
പരിയാരം: പരിയാരം ഗവ.ആയുര്‍വേദ കോളജില്‍ നിര്‍മിച്ച മലബാര്‍ മേഖലയിലെ ആദ്യത്തെ ആയുര്‍വേദ അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവര്‍ത്തനം അടുത്ത മാസം ഒന്നിന് തുടങ്ങും.

ഗര്‍ഭധാരണം മുതല്‍ പ്രസവാനന്തര മാതൃ-ശിശുപരിചരണം വരെ നല്‍കുന്ന ആശുപത്രിയാണ് പരിയാരം ആയുര്‍വേദ മെഡിക്കല്‍ കോളജിനോടു ചേര്‍ന്ന് നിര്‍മ്മിച്ചത്.
കെട്ടിട ഉദ്ഘാടനം മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. നാല് നിലകളിലായി 14.65 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും 25 വീതം കിടക്കകളാണ് സജ്ജമാക്കിയത്. മേജര്‍ സര്‍ജറി തിയറ്റര്‍, ലേബര്‍ റൂം, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, കുട്ടികളുടെ വാര്‍ഡ് എന്നിവ കൂടാതെ അത്യാധുനിക പരിശോധന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ആശുപത്രിക്കു മാത്രമായി 37 ഓളം പുതിയ തസ്തികകളും അനുവദിച്ചിട്ടുണ്ട്.
ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം 3ന് എം.വിജിന്‍ എംഎല്‍എ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കും.
പ്രിന്‍സിപ്പല്‍ ഡോ.സി.സിന്ധു അധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍.എ ടി.വി.രാജേഷ് മുഖ്യാതിഥിയായിരിക്കും.
സൂപ്രണ്ട് ഡോ.എസ്.ഗോപകുമാര്‍, കടന്നപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ, മെമ്പര്‍ വി.എ.കോമളവല്ലി, ഒ.വി.നാരായണന്‍, പി.പി.ദാമോദരന്‍, കെ.പി.ജനാര്‍ദ്ദനന്‍, പ്രഭാകരന്‍ കടന്നപ്പള്ളി,
ടി.രാജന്‍, മുസ്തഫ കടന്നപ്പള്ളി, പി.ടി.എ പ്രസിഡന്റ് കെ.പി.രമേശന്‍, ഡോ.പി.എം.മധു, ഡോ.വിനുരാജ്, കെ.ജയകൃഷ്ണന്‍,
കോളിന്‍ രോബര്‍ട്ട്, സി.ടി.സ്മിത, ഡോ.ഹരിത മോഹന്‍, ഡോ.കെ.പി.ഹര്‍ഷ, ഡോ.റോഷ്‌നി അനിരുദ്ധന്‍ എന്നിവര്‍ പ്രസംഗിക്കും.
