റോഡല്ല, തോട് തന്നെ-പക്ഷെ, സംഗതി കിടുവാണ്. കല്ലിങ്കീലിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറുന്നു.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിന്റെ തീരാതലവേദനയായ പാളയാട് തോടിന്റെ പ്രശ്നം പരിഹരിക്കാനുള്ള സമഗ്രമായ പദ്ധതിക്ക് തുടക്കമായി.

നഗരത്തിലെ മലിനജലം ഒഴുകിയെത്തുന്നത് കാരണം വര്‍ഷങ്ങളായി പ്രശ്നങ്ങള്‍ നേരിടുന്ന കീഴാറ്റൂര്‍-കൂവോട് പ്രദേശങ്ങളിലെ താമസക്കാരുടെ പ്രശ്നങ്ങള്‍ക്കും ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
നവീകരണത്തിന്റെ ഭാഗമായി പാളയാട് തോടിന്റെ വെള്ളം ഒഴുകിപ്പോകുന്ന ഭാഗത്തെ 440 മീറ്ററോളം കോണ്‍ക്രീറ്റ് ചെയ്യും.
വെള്ളം കെട്ടിക്കിടക്കാതെ സമഗമമായി ഒഴുകിപ്പോകാന്‍ ഇത് സഹായകമാകും.
കിണര്‍ വെള്ളം മലിനമാകുകയും കൂവോട് പ്രദേശത്തെ വയലില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുകയും ചെയ്തത് നഗരസഭാ പ്രദേശത്തെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നമായിരുന്നു.
പ്രദേശവാസികള്‍ നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും മറ്റ് പ്രത്യക്ഷ സമരപരിപാടികളും നേരത്തെ നടത്തിയിരുന്നു.
ഇതേതുടര്‍ന്ന് സ്ഥാപിച്ച ട്രീറ്റ്മെന്റ് പ്ലാന്റ് വികസനവും ഇതോടൊപ്പം നടത്താന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ടെന്ന് വാര്‍ഡ് കൗണ്‍സിലറും നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന് പറഞ്ഞു.
ട്രീറ്റ്മെന്റ് പ്ലാന്റിന് വേണ്ടി കോ-ഓപ്പറേറ്റീവ് കോളേജിന്റെ 11 സെന്റ് സ്ഥലം വാങ്ങാന്‍ ധാരണയായിട്ടുണ്ട്.
ട്രീറ്റ്മെന്റ് പ്ലാന്റില്‍ നിന്ന് പുറത്തേക്കൊഴുക്കിവിടുന്ന വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിന് നാലര മീറ്റര്‍ വീതിയിലാണ് പ്രതലം കോണ്‍ക്രീറ്റ് ചെയ്യുന്നത്.
കൂടാതെ ഇരുവശങ്ങളിലും രണ്ട് മീറ്റര്‍ ഉയരത്തില്‍ പാര്‍ശ്വഭിത്തിയും പണിയും. ഇതോടൊപ്പം 1960 ല്‍ നിര്‍മ്മിച്ച പാളയാട് പാലം രണ്ട് മീറ്റര്‍ വീതികൂട്ടും.
ഇപ്പോള്‍ ഒരു വാഹനത്തിന് മാത്രം പോകാന്‍ കഴിയുന്ന പാലം പാളയാട്-മാന്തംകുണ്ട് ഭാഗത്തെ വാഹനഗതാഗതത്തിന് വലിയ ഭീഷണിയായിരുന്നു.
ഇതിനും പരിഹാരം കാണാനാണ് നഗരസഭയുടെ ശ്രമം. കപ്പാലം മുതല്‍ തോട് നവീകരണത്തിനായി ഏഴ് കോടിരൂപയാണ് നഗരസഭ ചെലവഴിക്കുന്നത്.
പദ്ധതി പൂര്‍ത്തിയാവുന്നതോടെ നഗരസഭാ വൈസ് ചെയര്‍മാനായ കല്ലിങ്കീല്‍ പത്മനാഭന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ് നിറവേറ്റപ്പെടുന്നത്.
