ഇത് കച്ചവടമല്ല, മൃഗയാവിനോദം-അവസാനിപ്പിക്കണം-

       ഇന്നലെ രാത്രി ഒന്‍പത് മണിമുതല്‍ തളിപ്പറമ്പ് ദേശീയപാതയോരത്ത് തടിച്ചുകൂടിയ ആളുകള്‍ ഒരുതരം മൃഗയാവിനോദത്തിന്റെ ഇരകളാണ്.

ആയിരത്തിലേറെ ഉല്‍പ്പന്നങ്ങള്‍ രാത്രി ഒന്‍പത് മുതല്‍ പലര്‍ച്ചെ ഒരുമണിവരെ പകുതി വിലക്ക് വില്‍ക്കുമെന്ന മുതലാളിയുടെ പ്രഖ്യാപനം കേട്ട് ഓടിയെത്തിയവര്‍.

എവിടെ വിലക്കുറവ് എന്ന് കേള്‍ക്കുമ്പോഴും മറ്റൊന്നും ആലോചിക്കാതെ ഓടിയെത്തുന്ന മലയാളിയുടെ മനസ് വായിച്ചറിഞ്ഞവരുടെ മൃഗയാവിനോദം അക്ഷരാര്‍ത്ഥത്തില്‍ തളിപ്പറമ്പ് നഗരത്തെ ഞെട്ടിച്ചു എന്നുതന്നെ പറയാം.

യാതൊരുവിധ മുന്നൊരുക്കവും നടത്താതെയാണ് ഷോപ്പ്‌റികസ് സൂപ്പര്‍ സെന്റര്‍ എന്ന സ്ഥാപനം പാതിരാ കച്ചവടം സംഘടിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

ഇത്തരത്തിലുള്ള കച്ചവടപരീക്ഷണങ്ങള്‍ നടത്താനൊരുങ്ങുന്നവര്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ ടോക്കണ്‍ സംവിധാനമോ മറ്റെന്തെങ്കിലും രീതികളോ സ്വീകരിക്കണമായിരുന്നു.

രാത്രി 11.45 നാണ് പോലീസെത്തി ആളുകളെ നിയന്ത്രിച്ച് ദേശീയപാതയിലെ ഗതാഗത തടസം നീക്കിയത്.

കിട്ടിയ അവസരം പാഴാക്കാതെ നാലും അഞ്ചും പ്രഷര്‍കുക്കറുകളും ടി.വിയും മറ്റ് ഉല്‍പ്പന്നങ്ങളും വാങ്ങി സ്ഥലംവിട്ടവര്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും ഇങ്ങോട്ടേക്ക് പറഞ്ഞുവിട്ടതോടെയാണ് തിരക്ക് അനിയന്ത്രിതമായത്.

ഷോപ്പിംങ്ങ് മാള്‍ സംസ്‌ക്കാരവും സൗജന്യങ്ങളും വര്‍ദ്ധിച്ചതോടെ ഇവിടെ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് മറ്റൊരു പാരയായി മാറുകയാണ് ഇത്തരം കച്ചവടങ്ങള്‍.

എന്നാല്‍ വ്യാപാരി സംഘടനകള്‍ക്കൊന്നും ഇതിനെതിരെ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. തെരുവ് കച്ചവടക്കാരെ പഴിപറഞ്ഞ് ആശ്വാസം കണ്ടെത്തുകയാണ് വ്യാപാരി സംഘടനകള്‍.

സാമ്പത്തിക പ്രതിസന്ധിയെന്ന് ഒരുഭാഗത്ത് പറയുമ്പോഴും മറുഭാഗത്ത് ഇത്തരം മൃഗയാവിനോദങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ സാധാരണക്കാര്‍ പോലും സ്വയം മുന്നോട്ടുവരുന്ന ഞെട്ടിപ്പിക്കുന്ന ഈ വാങ്ങല്‍ സംസ്‌ക്കാരം മലയാളിയെ എവിടെ കൊണ്ടെത്തിക്കും എന്നത് എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നുപോലുമില്ല.

നമ്മുടെ നിയമപാലകരേയും ഇതില്‍ പ്രതിചേര്‍ക്കാതെ വയ്യ. 11 മണിക്ക് ശേഷം പ്രവര്‍ത്തിക്കുന്ന തട്ടുകടക്കാരെ അടപ്പിക്കാന്‍ കാണിക്കുന്ന വീര്യം പാതിരാകച്ചവടക്കാര്‍ക്കാരായ മാള്‍ ഭീമന്‍മാര്‍ക്ക് മുന്നില്‍ ഇല്ലാതാവുന്നു.

നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ വന്നപ്പോല്‍ പോലീസ് ഇടപെടേണ്ടതായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അവസാനം നിയന്ത്രണം വിടുമെന്ന ഘട്ടമായപ്പോഴാണ് മനസില്ലാമനസോടെയെങ്കിലും പോലീസിന്റെ ഇടപെടല്‍ ഉണ്ടായതും കേസെടുത്തതും. ഒരിക്കല്‍കൂടി പറയട്ടെ ഇത് കച്ചവടമല്ല, മൃഗയാവിനോദമാണ് അനുവദിക്കരുത്.