ലീഗ് ഇടതുപക്ഷത്തേക്ക് മാറുമോ? ഏതാണ്ടെന്ന സൂചന പുറത്തുവരുന്നു.

 

രാഹുല്‍ സി.വയനാട്.

കോഴിക്കോട്: ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പായി മുസ്ലിം ലീഗ് ഇടതുപക്ഷത്തേക്ക് എത്തുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി.

ലീഗ് വര്‍ഗീയപാര്‍ട്ടിയല്ലെന്ന സി.പി.എം.സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്റെ പ്രതികരണം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു.

2024 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ സ്വന്തമാക്കലാണ് സി.പി.എം ലക്ഷ്യം.

ഇതിന് ലീഗിന്റെ പിന്തുണ അനിവാര്യമാണെന്ന് സി.പി.എം കരുതുന്നു.

അതേ അവസരം മലപ്പുറം ജില്ലയില്‍ തങ്ങള്‍ക്ക് കുറഞ്ഞുവരുന്ന മേല്‍ക്കൈ ലീഗിലും പുനര്‍ചിന്തനത്തിന് പ്രേരിപ്പിക്കുന്നുണ്ട്.

അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ് ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുന്നതും ലീഗ് തിരിച്ചറിയുന്നുണ്ട്.

മോദി ഭരണം വീണ്ടും വരികയാണെങ്കില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സി.പി.എമ്മിനോടൊപ്പം നില്‍ക്കുന്നതാണ് സുരക്ഷിതത്വമെന്ന ബോധ്യവും ലീഗണികളില്‍ ചര്‍ച്ചയാണ്.

എന്നാല്‍ ഡോ.എം.കെ.മുനീര്‍, മുന്‍ എം.എല്‍.എ കെ.എം.ഷാജി എന്നിവര്‍ ലീഗ് ഇടതുപക്ഷത്തേക്ക് പോകുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇടതുപക്ഷത്തേക്ക് വന്നാല്‍ രണ്ട് മന്ത്രിസ്ഥാനങ്ങളും ലീഗിന് സി.പി.എം വാഗ്ദാനം ചെയ്തതായാണ് വിവരം.

നിരവധി പിന്നണി ചര്‍ച്ചകള്‍ ഇതിനിടയില്‍ നടന്നു കഴിഞ്ഞതായി ഇരുപക്ഷത്തേയും ഉന്നതര്‍ തന്നെ വ്യക്തമാക്കി.

കേരളത്തില്‍ തുടര്‍ച്ചയായ ഇടതുപക്ഷ ഭരണം ലക്ഷ്യമിടുന്ന സി.പി.എം ഏതാണ്ടൊക്കെ തീരുമാനിച്ചുറപ്പിച്ചു തന്നെയാണ് മുന്നോട്ടുപേകുന്നത്.

അതേ അവസരം ഇടതുപക്ഷത്തിനെതിരെ ശക്തമായ വിമര്‍ശനവും സമരവുമൊക്കെ മുസ്ലിംലീഗും പരമാവധി കുറച്ചുകൊണ്ടുവരികയാണ്.

ലീഗിന്റെ ഔദ്യോഗിക നേതൃത്വം വളരെ മിതത്വത്തോടെയാണ് പല കാര്യങ്ങളിലും പ്രതികരണം നടത്തുന്നത്.