ആരും തിരിച്ചുവരാത്ത വാര്‍ഡ് നമ്പര്‍ ഒന്‍പത്-ഇനി മെഡിക്കല്‍ ഗോഡൗണ്‍-

പരിയാരം: വാര്‍ഡ് നമ്പര്‍ ഒന്‍പത് ഇനി മെഡിക്കല്‍ ഗോഡൗണ്‍.
പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ മരുന്നുകള്‍ സൂക്ഷിക്കുന്നതിനായിട്ടാണ് ഉപേക്ഷിക്കപ്പെട്ട വാര്‍ഡ് നമ്പര്‍-9 നവീകരിച്ചത്.
മറ്റ് മെഡിക്കല്‍ കോളേജുകളില്‍ ഉള്ളതുപോലെ പ്രത്യേക മെഡിക്കല്‍ ഗോഡൗണ്‍ പരിയാരത്ത് ഇല്ലാത്തത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എത്തിക്കുന്ന കോടിക്കണത്തിന് രൂപയുടെ മരുന്നുകള്‍ മെഡിക്കല്‍ കോളേജില്‍ വരാന്തയില്‍ അലക്ഷ്യമായി കൂട്ടിയിടുകയായിരുന്നു.
റഫ്രിജറേറ്ററില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ പലതും ഇത്തരത്തില്‍ ഉപയോഗശൂന്യമായി പോയത് വലിയ വിവാദമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് 21 ലക്ഷം രൂപ ചെലവഴിച്ച് ആശുപത്രി വികസനസമിതി പുതിയ മെഡിക്കല്‍ സ്റ്റോര്‍ നിര്‍മ്മിച്ചത്.
80 വര്‍ഷം മുമ്പ് പരിയാരം ടി.ബി.സാനിട്ടോറിയത്തിന്റെ ഭാഗമായിരുന്ന ഒന്‍പതാം വാര്‍ഡാണ് മെഡിക്കല്‍ സ്റ്റോറായി നവീകരിച്ചത്.
ടി.ബി.സാനിട്ടോറിയത്തിലെ ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികളെ പാര്‍പ്പിക്കുന്ന വാര്‍ഡാണ് വാര്‍ഡ് നമ്പര്‍-9.
ഇവിടെ എത്തിക്കഴിഞ്ഞവര്‍ പിന്നീട് ജീവിതത്തിലേക്ക് തിരികെ വരാറില്ല.
ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള വാര്‍ഡുകളാണ് ബ്രിട്ടീഷുകാര്‍ ഇവിടെ നിര്‍മ്മിച്ചത്.
രോഗത്തിന്റെ മാരകാവസ്ഥ വിലയിരുത്തിയാണ് വാര്‍ഡുകള്‍ ക്രമീകരിച്ചിരുന്നത്.
എട്ട്, ഒന്‍പത് വാര്‍ഡുകള്‍ അടുത്തടുത്തായാണ് സ്ഥാപിച്ചത്.
കാര്യമായ കാലപ്പഴക്കമൊന്നുമില്ലാതിരുന്ന എട്ടാംവാര്‍ഡ് ഇപ്പോള്‍ കാടുമൂടിക്കിടക്കുകയാണ്.
നിര്‍മ്മിതികേന്ദ്രയാണ് വാര്‍ഡ് നവീകരിച്ചുനല്‍കിയത്.
മാര്‍ച്ച് 31 ന് മുമ്പായി മെഡിക്കല്‍ ഗോഡൗണ്‍ ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
