അവര്‍ വിളിക്കും, നമ്മള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്.

തളിപ്പറമ്പ്: കണ്ണൂരുകാര്‍ക്ക് നിധി വാഗ്ദാനം ചെയ്യുന്ന ഇതര സംസ്ഥാന സംഘം വീണ്ടും രംഗത്ത്.

തളിപ്പറമ്പ്-ആന്തൂര്‍ പ്രദേശങ്ങളിലെ നിരവധിപേര്‍ക്കാണ് കഴിഞ്ഞ ദിവസം മുതല്‍ ഇവരുടെ ഫോണ്‍കോളുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആന്തൂര്‍ നഗരസഭയുടെ ധര്‍മ്മശാല വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ.വി.നാരായണനാണ് വെള്ളിയാഴ്ച്ച വിളി വന്നത്.

8197749075 എന്ന നമ്പറില്‍ നിന്ന് മലയാളിയല്ലാത്ത ഒരാളാണ് വിളിച്ചതെന്ന് നാരായണന്‍ പറഞ്ഞു.

വളരെ പരിചിത ഭാവത്തില്‍ നാരായണേട്ടാ … മനസ്സിലായോ മണിയാണ് എന്ന് പറഞ്ഞാണ് സംഭാഷണം തുടങ്ങിയത്.

ഏത് മണിയെന്ന് ചോദിച്ചപ്പോള്‍ താവക്കര …. ചാലാട്ട് എന്താ നാരായണേട്ടാ ഇങ്ങനെ മറന്നു പോയത്.

നമ്മള്‍ എത്ര തവണ ധര്‍മ്മശാലക്കു നിന്നും മറ്റും സംസാരിച്ചതാ… ഈയിടെ ധര്‍മ്മശാല റോഡിന്റെ പണിയെടുക്കുമ്പോഴും സംസാരിച്ചതല്ലെ ഇങ്ങനെ മറവി ഒരാള്‍ക്ക് പാടുണ്ടോ ! അതും ഒരു ജനപ്രതിനിധിക്ക് എന്നൊക്കെ പറഞ്ഞ മണി തിരക്കിലാണെങ്കില്‍ പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

പിന്നീട് ഒരു മണിക്കൂര്‍ കഴിഞ്ഞ് വിളിച്ച മണി ഞാന്‍ ഒരു രഹസ്യം പറയാനാണ് വിളിച്ചത്. ആരോടും പറയരുത്.

നാരായണേട്ടനെ വിശ്വാസമുള്ളത് കൊണ്ടാണ് പറയുന്നതെന്നും സ്വര്‍ണം വെള്ളി നാണയങ്ങളുടെ നിധി തരാമെന്ന് പറഞ്ഞാണ് പിന്നീട് സംസാരിച്ചതെന്നും നാരായണന്‍ പറഞ്ഞു.

നേരത്തെ പട്ടുവം സ്വദേശികള്‍ക്ക് ആന്ധ്രയില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെടുകയും മര്‍ദ്ദനമേല്‍ക്കുകയും ചെയ്ത വാര്‍ത്ത വായിച്ചതിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍ കട്ട് ചെയ്യുകയും നമ്പര്‍ ബ്ലോക്കാക്കുകയും ചെയ്തു.

വിവരം തളിപ്പറമ്പ് പോലീസില്‍ അറിയിച്ചപ്പോഴാണ് നഗരസഭാ കൗണ്‍സിലര്‍മാരായ ടി.മനോഹരന്‍, പി.പി.മുരളി എന്നിവരേയും വിളിച്ച വിവരം മനസിലായത്.

മനോഹരന്‍ പോലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഫോണ്‍കോളുകള്‍ ലഭിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.