രാവിലെ നേഴ്‌സ് കണ്ട അണലിപ്പാമ്പ് അര്‍ദ്ധരാത്രിയെത്തി കൂട്ടിരിപ്പുകാരിയെ കടിച്ചു-ആശുപത്രി അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം.

തളിപ്പറമ്പ്: രാവിലെ ആശുപത്രി നേഴ്‌സ് കണ്ട വിഷപ്പാമ്പ് അര്‍ദ്ധരാത്രിയോടെ പേവാര്‍ഡ് മുറിയിലെത്തി കൂട്ടിരിപ്പുകാരിയെ കടിച്ചു.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പേവാര്‍ഡിനകത്ത് ഉറങ്ങിക്കിടന്ന കൂട്ടിരിപ്പുകാരിയെ പാമ്പ്കടിച്ച സംഭവം വിവാദമാകുന്നു.

റൂം നമ്പര്‍ ഏഴില്‍ പ്രസവിച്ചുകിടക്കുന്ന മകള്‍ക്ക് സഹായിയായി വന്ന ചെമ്പേരി സ്വദേശി വെള്ളേന്‍പറമ്പില്‍ ലത(55)യെ കടിച്ച അണലി പാമ്പിനെ ഇന്നലെ രാവിലെ ആശുപത്രിയിലെ ഒരു നേഴ്‌സ് കണ്ടിരുന്നതായി ജീവനക്കാര്‍ പറഞ്ഞു.

ഇന്നലെ പേവാര്‍ഡിന്റെ പരിസരത്തെ കുറ്റിക്കാടുകള്‍ ശുചീകരണം നടത്തിയിരുന്നു. അവിടെ നിന്നാവാം പാമ്പ് പേവാര്‍ഡിന്റെ പരിസരത്ത് എത്തിയതെന്ന് കരുതുന്നു.

രാത്രി പന്ത്രണ്ടോടെയാണ് സംഭവം നടന്നത്. പേവാര്‍ഡിലെ മുറിയുടെ വാതിലിനിടയിലെ വിടവിലൂടെ അകത്തുകടന്ന പാമ്പാണ് ലതയെ കടിച്ചത്.

കടിച്ച പാമ്പിനെ ആശുപത്രി ജീവനക്കാര്‍ തല്ലിക്കൊന്നു. വിഷപ്പാമ്പിനെ കണ്ടിട്ടും വേണ്ടത്ര ശ്രദ്ധ നല്‍കാതിരുന്ന ആശുപത്രി അധികൃതരുടെ സമീപനം കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

നേരത്തെ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് നേഴ്‌സുമാരുടെ ഡ്യൂട്ടിറൂമില്‍ മൂര്‍ഖന്‍പാമ്പ് കയറിയ സംഭവവും ഇവിടെ ഉണ്ടായിരുന്നു.

സംഭവമറിഞ്ഞ് ഇന്ന് രാവിലെ നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.നബീസാബീവി എന്നിവര്‍ ആശുപത്രിയിലെത്തി.