റോഡില്‍ തള്ളിയ മാലിന്യം നാട്ടുകാര്‍ തിരിച്ചെടുപ്പിച്ചു.പഞ്ചായത്ത് 5000 രൂപ പിഴയിട്ടു
പരിയാരം: രാത്രിയുടെ മറവില്‍ റോഡില്‍ തള്ളിയ മാലിന്യം നാട്ടുകാര്‍ ഇടപെട്ട് ഉടമയെക്കൊണ്ട് തിരിച്ചെടുപ്പിച്ചു.

കടന്നപ്പള്ളി കോട്ടത്തുംചാലിലെ നാട്ടുകാരാണ് മാലിന്യം തള്ളിയവരെ കണ്ടെത്തി തിരിച്ചെടുപ്പിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ഗവ.ആയുര്‍വേദ കോളേജ്-കോട്ടത്തുംചാല്‍ റോഡില്‍ ഭക്ഷ്യാവശിഷ്ടങ്ങള്‍ ചാക്കിലാക്കി തള്ളിയ നിലയില്‍ കണ്ടത്.
രാത്രിയില്‍ കുറുക്കനും നേരം പുലര്‍ന്നതോടെ തെരുവുനായകളും മാലിന്യം കടിച്ചു വലിച്ച് റോഡില്‍ വിതറിയ നിലയിലായി.
ഇതുവഴി വന്നവര്‍ നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേരെഴുതിയ ഒരു കവര്‍ കണ്ടെത്തുകയും ഏഴിലോട്ടെ ഒരു വിവാഹസദ്യയുടെ അവശിഷ്ടങ്ങളാണെന്ന് തിരിച്ചറിയുകയും ചെയ്തു.
ഇതോടെ മാലിന്യം തള്ളിയവരെ വിളിച്ചു വരുത്തി തിരിച്ചെടുപ്പിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗമെത്തി 5000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
പരിയാരം ഗവ.മെഡിക്കല്‍ കോളജ് പോലീസ് സ്ഥലത്തെത്തിയെങ്കിലും വിഷയത്തില്‍ ഇടപെട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
