നവംബര്‍ രണ്ടിന് പ്രതിഷേധമാര്‍ച്ച്, മൂന്ന് മുതല്‍ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി ഓഫീസ് ഉപരോധിക്കും.
പിലാത്തറ: മാലിന്യം കൊണ്ട് പൊറുതിമുട്ടി, നാട്ടുകാര്‍ ഉപരോധസമരത്തിലേക്ക്.

ഒറന്നിടത്ത്ചാല്‍ കുളപ്പുറം പ്രദേശത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കുകയും വിളയാങ്കോട്-ഒറന്നിടത്ത്ചാല്‍ – മണ്ടൂര്‍ നബാഡ് റോഡ് ഗതാഗത യോഗ്യമാക്കുകയും ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിക്കപ്പെടാത്തതിനെ തുടര്‍ന്ന് നവംബര്‍ രണ്ടിന് രാവിലെ 9 ന് ഒറന്നിടത്ത്ചാലിലെ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി ഓഫീസിലേക്ക് നാട്ടുകാര്‍ പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് ജനകീയ സമിരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മൂന്നാം തീയതി മുതല്‍ അനിശ്ചിതകായ ഉപരോധസമരവും നടത്തും. ദേശീയപാത നിര്‍മ്മാണം കരാറെടുത്ത മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ കീഴിലെ തൊഴിലാളികള്‍ക്ക് മതിയായ അടിസ്ഥാന സൗകര്യം ഒരുക്കാതെ ഒറന്നിടത്ത് ചാലില്‍ താമസിക്കുന്നതിനാല്‍ പ്രാഥമിക കര്‍മ്മം ഉള്‍പ്പെടെ ഒഴിഞ്ഞ പറമ്പിലാണ് നിര്‍വഹിക്കുന്നത്.
മഴയത്ത് സമീപപ്രദേശത്തെ വീടുകളിലേക്ക് ഇത് ഒഴുകിപോവുകയും കുടിവെളളത്തില്‍ പോലും മാലിന്യം കലരുന്ന സാഹചര്യവും ഉയര്‍ന്നുവന്നപ്പോള്‍ പഞ്ചായത്ത് അധികൃതരും, എം.വിജിന്‍ എം.എല്‍.എയും പല വട്ടം ചര്‍ച്ച നടത്തി മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി മേധാവികളുമായി ധാരണയിലെത്തിയിരുന്നു.
എന്നാല്‍ കമ്പനി ഈ തീരുമാനങ്ങള്‍ പാലിക്കാതെ ജനജീവിതം ദുസഹമാകുന്ന സാഹചര്യമാണുളളത്.
ദേശീയപാത വികസനപ്രവൃത്തിക്ക് ആവശ്യമായ നിര്‍മ്മാണ സാമഗ്രികള്‍ സ്റ്റോക്ക് ചെയ്യുന്നതും വാഹനം പാര്‍ക്ക് ചെയ്യുന്നതും ഒറന്നിടത്ത്ചാലിലാണ്.
വലിയ വാഹനം നിരന്തരമായി വിളയാങ്കോട്-ഒറന്നിടത്ത്ചാല്‍-മണ്ടൂര്‍ നബാര്‍ഡ് റോഡിലൂടെ പോകുന്നതിനാല്‍ റോഡ് പൂര്‍ണ്ണമായും പൊട്ടിപൊളിഞ്ഞിരിക്കുകയാണ്.
കാല്‍നടയാത്രപോലും ചെയ്യാന്‍ സാധിക്കാതെ റോഡ് തകര്‍ന്ന സാഹചര്യത്തില്‍ റോഡ് റീടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിന് മേഘകണ്‍സ്ട്രക്ഷന്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ മറ്റൊരാവശ്യം.
ഇക്കാര്യങ്ങളൊന്നും പരിഹരിക്കാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ യോഗം ചേര്‍ന്ന് ജനകീയ സമരസമിതി രൂപീകരിച്ചു.
ചെറുതാഴം ഗ്രാമപഞ്ചായത്ത് ആറാം വര്‍ഡ് മെമ്പര്‍ ടി.വി.കുഞ്ഞിക്കണ്ണന്‍ ചെയര്‍മാനും, കെ.വി.മുരളീകൃഷ്ണന്‍ കണ്‍വീനറുമായ സമരസമിതി ശക്തമായ സമരവുമായി മുന്നോട്ട് പോകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.
വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ടി.വി.ഉണ്ണികൃഷ്ണന്‍, ടി.വി.കുഞ്ഞിക്കണ്ണന്‍, എ.മാധവന്‍, കെ.വി.മുരളീകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
