അനുഭവിച്ചറിയാം അന്വേഷണത്തിന്റെ രോമാഞ്ചം-അന്വേഷിപ്പിന്‍ കണ്ടെത്തും.

1980 കളുടെ അവസാനവും 90 കളുടെ ആദ്യത്തിലും നടന്ന രണ്ട് കുറ്റകൃത്യങ്ങളുടെ അന്വേഷണമാണ് ടൊവിനോ തോമസ് നായകനായ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ത്രില്ലര്‍ സിനിമ.

ജിനു വി.എബ്രഹാം കഥ, തിരക്കഥ, സംഭാഷണം എഴുതി നിര്‍മ്മാണ പങ്കാളി കൂടിയായ ഈ സിനിമ പ്രേക്ഷകരെ അവസാനം വരെ പിടിച്ചിരുത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്.

സിനിമയുടെ തുടക്കത്തില്‍ ഫ്‌ളാഷ്ബാക്ക് രീതിയിലാണ് ഒരു കുറ്റാന്വേഷണത്തിന്റെ കഥ പറയുന്നതെങ്കില്‍ നേരിട്ട് കഥയിലേക്ക് കടക്കുകയാണ് രണ്ടാം ഭാഗത്തില്‍.

ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത സിനിമ കാലഘട്ടത്തിന്റെ തനിമ നിലനിര്‍ത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്.

വാഹനങ്ങളിലും വസ്ത്രങ്ങളിലും എല്ലാംതന്നെ കാലഘട്ടത്തനിമ സംവിധായകന്‍ കുറ്റമറ്റരീതിയില്‍ നിലനിര്‍ത്തുന്നുണ്ട്.

രണ്ട് അന്വേഷണങ്ങളിലും പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റാണ് സംവിധായകന്‍ കരുതിവെച്ചിരിക്കുന്നത്.

ടൊവിനോ തോമസ് തന്റെ കഥാപാത്രത്തോട് നൂറുശതമാനവും താദാത്മ്യം പ്രാപിച്ചിട്ടുണ്ട്. സിദ്ദിക്ക്, ഇന്ദ്രന്‍സ്, അര്‍ത്ഥന ബിനു, വെട്ടുകിളി പ്രകാശ്, ബാബുരാജ്, ഷമ്മിതിലകന്‍, മധുപാല്‍, ഹരിശ്രീ അശോകന്‍, നന്ദു, പ്രേംപ്രകാശ്, സാദിക്, വിനീത് തട്ടില്‍ ഡേവിഡ്, ശ്രീജിത് രവി, കോട്ടയം നസീര്‍, പ്രമോദ് വെളിയനാട് എന്നിവരാണ് പ്രധാന വേഷങ്ങളില്‍.

സന്തോഷ് നാരായണന്റെ പശ്ചാത്തലസംഗീതം സിനിമയെ ആസ്വാദനത്തിന്റെ വേറെ ലെവവില്‍ എത്തിക്കുന്നുണ്ട്.

ഗിരീഷ് ഗംഗാധരന്‍ ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

കുറ്റാന്വേഷണ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് എന്തുകൊണ്ടും നല്ലൊരു കാഴ്ച്ചാനുഭവം തന്നെയാണ് ഈ സിനിമ.