ഇത് മേഴ്‌സി മാജിക്ക്- വര്‍ഷങ്ങള്‍നീണ്ട ചെങ്കല്‍ഖനനപ്രശ്‌നം മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹരിച്ച് തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി-

തളിപ്പറമ്പ്: പ്രകൃതിയെ ഇങ്ങനെ ചൂഷണംചെയ്യാന്‍ നിങ്ങള്‍ക്കെന്തവകാശം–

ആ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം ഏത് തരത്തിലുള്ളതാണെന്ന് നിങ്ങള്‍ക്കറിയാമോ—

തളിപ്പറമ്പ് ആര്‍.ഡി.ഒ. ഇ.പി.മേഴ്‌സിയുടെ ഈ ചോദ്യം കൊളത്തൂര്‍, മാലിലാംപാറ പ്രദേശത്തെ അനധികൃത ചെങ്കല്‍പണക്കാരോടായിരുന്നു—- മറുപടിയില്ല.

എത്രനാട്ടുകാര്‍ അവിടെ ജോലിചെയ്യുന്നുണ്ട്–നാട്ടുകാരായ എത്രയാളുകളുടെ വാഹനങ്ങള്‍ അവിടെ ചെങ്കല്‍കടത്തുന്നുണ്ട്–മറുപടിയില്ല.

പിന്നീട് കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ഇന്ന് മുതല്‍ തന്നെ പരിപാടി നിര്‍ത്താന്‍ ആര്‍.ഡി.ഒ ഉത്തരവിട്ടു.

കല്ലുവെട്ട് മെഷീനുകള്‍ ഇന്നുതന്നെ പണകളില്‍ നിന്ന് മാറ്റാനും അവര്‍ നിര്‍ദ്ദേശിച്ചു.

പണഉടമകളുടെ പ്രതിരോധം ആര്‍.ഡി.ഒയുടെ നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ തകര്‍ന്നടിയുന്ന കാഴ്ച്ചക്കാണ് ഇന്ന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് സമ്മേളനഹാള്‍ സാക്ഷ്യംവഹിച്ചത്.

കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി നാട്ടുകാരുടെ തീരാതലവേദനയായിമാറിയ അനധികൃത ചെങ്കല്‍ഖനന പ്രശ്‌നത്തിന് ഒരുമണിക്കൂറിനകം പരിഹാരം കണ്ട് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി എല്ലാവരേയും ഞെട്ടിച്ചു.

മാസങ്ങളായി നാട്ടുകാരും ചപ്പാരപ്പടവ് പഞ്ചായത്ത് അധികൃതരും ചെങ്കല്‍ഖനനത്തിനെതിരെ പ്രക്ഷോഭത്തിലായിരുന്നു.

കഴിഞ്ഞ നവംബര്‍ 15 ന് നാട്ടുകാര്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ചും നടത്തിയിരുന്നു.

നവംബര്‍-19 ന് ആര്‍.ഡി.ഒയും തഹസില്‍ദാരും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ചെങ്കല്‍കടത്തുന്ന വാഹനങ്ങളും മറ്റും പിടികൂടുകയും ചെയ്തിരുന്നു.

ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ആര്‍.ഡി.ഒ വിപുലമായ യോഗംവിളിച്ചത്.

ആക്ഷന്‍കമ്മറ്റിക്കാരെയും ചെങ്കല്‍പണ ഉടമസ്ഥരേയും ഒന്നിച്ച് വിളിച്ചുചേര്‍ത്തായിരുന്നു യോഗം.

പ്രദേശത്തുണ്ടായ പ്രകൃതിചൂഷണത്തിന്റെ ദുരിതഫലം അനുഭവിക്കുന്ന നാട്ടുകാരുടെ വികാരം ഉള്‍ക്കൊണ്ട് ആര്‍.ഡി.ഒ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിപറയാനാവാതെ പണഉടമകള്‍ക്ക് ആരോപണങ്ങളെല്ലാം ശരിവെക്കേണ്ടിവന്നു.

എന്നാല്‍ പണഉടമകള്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളോടും ആര്‍.ഡി.ഒ നീതിപുലര്‍ത്തി.

കൊളത്തൂര്‍, മാവിലാംപാറ പ്രദേശത്തെ 30, 38 സര്‍വേനമ്പറിലുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ നടപടിസ്വീകരിക്കുമെന്നും നിങ്ങളുടെ പ്രശ്‌നത്തിന് മഴതീര്‍ന്നാലുടന്‍ പ്രത്യേകയോഗം വിളിച്ചുചേര്‍ത്ത് തീര്‍പ്പുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു.

ആര്‍ക്ക് മുമ്പിലും വഴങ്ങാത്ത സമീപനം സ്വീകരിച്ചിരുന്ന ചെങ്കല്‍പണഉടമകള്‍ ആര്‍.ഡി.ഒയുടെ സമീപനത്തിന് മുന്നില്‍ മുട്ടുമടക്കുകയും എല്ലാ ഖനനപ്രവര്‍ത്തനവും നിര്‍ത്തിവെക്കാന്‍ സമ്മതിക്കുകയുമായിരുന്നു.