ഡിഎസ്‌സിയുടെ നിരാക്ഷേപ പത്രം: പ്രശ്‌ന പരിഹാരത്തിന് ജില്ലാ കളക്ടര്‍ പ്രത്യേക ഉത്തരവിറക്കും

കണ്ണൂര്‍: പയ്യാമ്പലം, കണ്ണൂര്‍ ജില്ലാ ആശുപത്രി പരിസരങ്ങളില്‍ വീട് നിര്‍മാണത്തിന് ഡിഎസ്‌സി (പ്രതിരോധ സംരക്ഷണ സേന)യുടെ നിരാക്ഷേപ പത്രം ലഭിക്കുന്നില്ലെന്ന പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര പ്രതിരോധ വകുപ്പിന്റെ ഉത്തരവിന്റെയും കേരള ഹൈക്കോടതി വിധിയുടെയും അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ പ്രത്യേക ഉത്തരവ് പുറത്തിറക്കും.

ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം.

മേയര്‍ അഡ്വ. ടി ഒ മോഹനന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ, ഡിഎസ്‌സി പ്രതിനിധി കേണല്‍ ഗൗതം രവിപാല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

പ്രതിരോധ വകുപ്പ് ഭൂമിയില്‍ നിന്ന് 10 മീറ്റര്‍ പരിധിക്ക് പുറത്തുള്ള നിര്‍മാണങ്ങള്‍ക്ക് നിരാക്ഷേപ പത്രം അവശ്യമില്ലെന്ന് കേന്ദ്ര പ്രതിരോധ വകുപ്പിന്റെ 2016 ഒക്‌ടോബര്‍ 21 ന്റെ ഉത്തരവ് വ്യക്തമാക്കുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍ ചൂണ്ടിക്കാണിച്ചു.

ഈ വ്യവസ്ഥ അംഗീകരിച്ച് കേരള ഹൈക്കോടതിയുടെ വിധിയും ഉണ്ട്. 2016ലെ ഉത്തരവ് ഭേദഗതി വരുത്തുകയോ അത് റദ്ദാക്കുകയോ ഇതുസംബന്ധിച്ച് പുതിയ ഉത്തരവ് ഉണ്ടാകുകയോ ചെയ്യാത്ത സാഹചര്യത്തില്‍ ഈ വ്യവസ്ഥയാണ് നിലനില്‍ക്കുകയെന്നും കലക്ടര്‍ വിശദീകരിച്ചു.

കോഴിക്കോടും സമാന സാഹചര്യം ഉണ്ടായിരുന്നു. അവിടെ പ്രശ്‌നം പരിഹരിച്ചതും ഈ അടിസ്ഥാനത്തിലാണ്. അതിനാല്‍ കണ്ണൂരിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ജില്ലാ കലക്ടറുടെ നടപടിക്രമം പുറത്തിറക്കാനാണ് യോഗത്തില്‍ തീരുമാനിച്ചത്.

ഇതു പ്രകാരം പ്രതിരോധ ഭൂമിയുടെ 10 മീറ്റര്‍ പരിധിക്ക് പുറത്തുള്ള സ്ഥലങ്ങളില്‍ നിര്‍മാണത്തിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ കോര്‍പ്പറേഷന് ചട്ടപ്രകാരം അനുമതി നല്‍കാമെന്നും കലക്ടര്‍ വ്യക്തമാക്കി.

പുതിയ ബസ്സ്റ്റാന്റില്‍ നിന്ന് ജില്ലാ ആശുപത്രി സ്റ്റാന്റിലേക്കുള്ള മണ്‍റോഡ് ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിന് ഡിഎസ്‌സിക്ക് പ്രെപ്പോസല്‍ സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി. ഡിഎസ്‌സി ഭൂമിയിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്.

ഡിഎസ്‌സി അനുമതി നല്‍കിയാല്‍ ആവശ്യമായ ഫണ്ട് കോര്‍പ്പറേഷനോ സ്ഥലം എംഎല്‍എയോ അനുവദിക്കാനും ധാരണയായി.

ബേബി ബീച്ചില്‍ ഗേറ്റ് സ്ഥാപിച്ചതിനാല്‍ പ്രദേശവാസികളായ കുടുംബങ്ങള്‍ക്ക് ദൈനംദിന കാര്യങ്ങള്‍ക്ക് പുറത്തുപോകാന്‍ പ്രയാസമാകുന്നുവെന്ന വിഷയം പരിഹരിക്കാന്‍ കണ്ണൂര്‍ തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ പരിഹാര നിര്‍ദേശം സമര്‍പ്പിക്കും.

സെന്റ്‌മൈക്കിള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് സ്‌കൂളിലേക്ക് പ്രവേശിക്കാനും തിരിച്ചുപോകാനും വഴി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ഡിഎസ്‌സിയോട് ആവശ്യപ്പെട്ടു.

ദീര്‍ഘകാലമായി ഉപയോഗിച്ചുവന്നിരുന്ന ഗ്രൗണ്ട് വേലികെട്ടി തിരിച്ചത് സ്‌കൂളിന്റെ പ്രവര്‍ത്തനത്തിന് പ്രയാസം സൃഷ്ടിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

ഇക്കാര്യം പരിശോധിച്ച് സാധ്യമായ നടപടിയെടുക്കാമെന്ന് കേണല്‍ ഗൗതം രവിപാല്‍ അറിയിച്ചു.

യോഗത്തില്‍ എഡിഎം കെ.കെ.ദിവാകരന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി ഡി.സാജു, കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും സംബന്ധിച്ചു.