ആരോഗ്യരംഗത്ത് സര്‍ക്കാര്‍ പൂര്‍ണ പരാജയം: രമേഷ് ചെന്നിത്തല

.പരിയാരം: ആരോഗ്യരംഗത്ത് പിണറായി സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ഈ രീതിയില്‍ പരാജയപ്പെട്ട ആരോഗ്യ മന്ത്രിയും സംവിധാനങ്ങളും കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും മുന്‍ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിനോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയും കെടുകാര്യസ്ഥതയും ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്ട്രീയവത്കരണവും അവസാനിപ്പിച്ച് മെഡിക്കല്‍ കോളജിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആരംഭിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പിന്‍വാതിലിലൂടെ ജോലി നല്‍കാനും കച്ചവടം നടത്താനുമാണ് മെഡിക്കല്‍ കോളജ് നടത്തുന്നതെങ്കില്‍ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭത്തിലൂടെ അതിനെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് ചെന്നിത്തല.

ആശുപത്രിയില്‍ നടക്കുന്ന കയ്യേറ്റം ഒരിക്കലും ഒരിക്കലും അംഗീകരിക്കില്ല.

കോടതിയുടെയും ജില്ല കലക്ടറുടെയും വിലക്ക് ലംഘിച്ച് കയ്യേറ്റം തുടരുന്നതായാണ് മനസിലാക്കുന്നത്.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് പ്രവൃത്തിക്കാന്‍ താല്‍പ്പര്യമില്ല. ഇതിനു പിന്നില്‍ രാഷ്ട്രീ ഇടപെടലാണ്.

കോളജിന്റെ വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും രമേശ് ചെന്നിത്തല എം.എല്‍.എ പറഞ്ഞു.

യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ പി.ടി.മാത്യു അധ്യക്ഷത വഹിച്ചു. അഡ്വ. എന്‍.ഷംസുദ്ദീന്‍ എം. എല്‍.എ. മുഖ്യപ്രഭാഷണം നടത്തി.

ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അബ്ദുല്‍കരീം ചേലേരി, അഡ്വ.കെ.ബ്രിജേഷ്‌കുമാര്‍. അഡ്വ.രാജീവന്‍ കപ്പച്ചേരി എന്നിവര്‍ പ്രസംഗിച്ചു.

തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍പത്മനാഭന്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.