പിലാത്തറ ടൗണിന്റെ മുഖഛായ മാറും: സൗന്ദര്യവത്കരണ പദ്ധതിക്ക് 2 കോടി

പിലാത്തറ: പിലാത്തറ ടൗണിന്റെ സമഗ്ര വികസനത്തിനും സൗന്ദര്യവത്കരണതിനുമായി 2 കോടിരൂപയുടെ വിശദമായ എസ്റ്റിമേറ്റ് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി എം.വിജിന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ പിലാത്തറ ടൗണില്‍ സന്ദര്‍ശനം നടത്തി.

പിലാത്തറയില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

പരിയാരം മെഡിക്കല്‍ കോളേജ്, മാതമംഗലം ഉള്‍പ്പടെയുള്ള മലയോരമേഖല, നിരവധിയയായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്നവര്‍ പ്രധാനമായും ആശ്രയിക്കുന്ന പ്രധാന കേന്ദ്രമാണ് പിലാത്തറ ബസ്സ്റ്റാന്റും പ്രദേശവും.

ദേശീയപാത വികസനത്തോടെ ഈ മേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഗതാഗത കുരുക്ക് ഉള്‍പ്പടെ പരിഹരിക്കുന്നതിനും, ടൗണിന്റെ മുഖഛായ മാറ്റുന്നതിനുമുള്ള സമഗ്ര പദ്ധതിയാണ് ടൗണ്‍ സൗന്ദര്യ വര്ക്കരണത്തിലൂടെ വിഭാവനം ചെയ്യുന്നത്.

ഇതിന്റെ ഭാഗമായി പിലാത്തറ ടൗണിലെ മാതമംഗലം റോഡിലും പഴയങ്ങാടി റോഡ് ഭാഗത്തും ഇന്റര്‍ലോക്ക് ചെയ്ത നടപാത നിര്‍മ്മിക്കും.

വ്യത്യസ്തങ്ങളായ അലങ്കാര ചെടികള്‍ കൊണ്ടുള്ള ഗാര്‍ഡന്‍, ലൈറ്റിംഗ് സംവിധാനം, ഡ്രൈനേജ് സൗകര്യം, ടാറിംഗ് പ്രവര്‍ത്തി ഉള്‍പ്പടെ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

പൊതു മരാമത്ത് റോഡ്‌സ് വിഭാഗം മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. എം എല്‍ എ യോടൊപ്പം ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍, പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.പ്രവീണ്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ കെ.ശ്രീരാഗ്, എം.വി.രാജീവന്‍, കെ.സി.തമ്പാന്‍ മാസ്റ്റര്‍, എം.വി.രവി എന്നിവരും ഉണ്ടായിരുന്നു.