തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കി സീനിയോറിറ്റി പുന:സ്ഥാപിക്കാം

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വിവിധ കാരണങ്ങളാല്‍ 1995 ജനുവരി ഒന്നു മുതല്‍ 2024 ഡിസംബര്‍ 31 (പുതുക്കേണ്ട മാസം 1995 ഒക്ടോബര്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെ) വരെയുള്ള കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് സീനിയോറിറ്റി പുതുക്കാം.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരമോ അല്ലാതെയോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ്/നോണ്‍ ജോയിനിംഗ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രസ്തുത കാലയളവില്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ ഹാജരാവാന്‍ സാധിക്കാതെ വന്ന ഉദ്യോഗാര്‍ഥികള്‍ക്കും മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരിപഠനാര്‍ത്ഥവും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി പൂര്‍ത്തിയാക്കാനാവാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്തവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രജിസ്‌ട്രേഷന്‍ പുതുക്കി സീനിയോറിറ്റി പുനസ്ഥാപിക്കാം.

അപേക്ഷകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ 2025 ഏപ്രില്‍ 30 വരെ ഓണ്‍ലൈന്‍ മുഖേനയും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം നേരിട്ടോ ദൂതന്‍ മുഖേനയോ തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ സമര്‍പ്പിക്കണം.

www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയ സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി ഓണ്‍ലൈനായും രജിസ്‌ട്രേഷന്‍ പുതുക്കാം.