മുന്‍ മോഷ്ടാവ് തളിപ്പറമ്പില്‍ വീണ്ടും ലഹരി വ്യാപാര രംഗത്ത്-ഇത്തവണ ഇടപാട് ഹൈടെക്.

തളിപ്പറമ്പ്: മുന്‍ മോഷ്ടാവ് സഹോദരനോടൊപ്പം വീണ്ടും മദ്യ-കഞ്ചാവ്-ലഹരി വ്യാപാരം തുടങ്ങി.

ഇടക്കാലത്ത് പോലീസ് ഇടപെടല്‍ മൂലം പിന്‍വാങ്ങിയ മുന്‍ മോഷ്ടാവ് സഹോദരനോടൊപ്പം തളിപ്പറമ്പില്‍ ലഹരി വില്‍പ്പന തുടങ്ങി.

സബ് രജിസ്ട്രാര്‍ ഓഫീസിന്റെ കിഴക്കുഭാഗം കേന്ദ്രീകരിച്ചാണ് വീണ്ടും മയക്കുവ്യാപാരം ആരംഭിച്ചിരിക്കുന്നത്.

വാട്‌സ്ആപ്പ് മെസേജുകളിലൂടെ കോഡ് ഭാഷയിലാണ് മദ്യവും കഞ്ചാവും എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും ആവശ്യക്കാരന് എത്തിച്ചുകൊടുക്കുന്നത്.

പോലീസ് നടപടികള്‍ പേരിന് മാത്രമായതോടെയാണ് ഈ സംഘം വീണ്ടും നഗരത്തില്‍ സജീവമായത്.

നഗരസഭാ ബസ്റ്റാന്റ് കോംപ്ലക്‌സ്,  കാക്കാത്തോട് ബസ്റ്റാന്റ്, രജിസ്ട്രാര്‍ ഓഫീസിന് പിന്‍വശം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ ലഹരി വില്‍പ്പന നടത്തുന്നത്.

മെസേജ് ലഭിച്ചാല്‍ സൈക്കിളിലും സ്‌ക്കൂട്ടറിലും കറുത്ത മാസ്‌ക്ക് ധരിച്ചാണ് വില്‍പ്പനക്കാര്‍ ഇടപാടുകാരനെ തേടി എത്തുന്നത്. ഗൂഗിള്‍പേ വഴിയാണ് പണമിടപാടുകള്‍.

ആള്‍പെരുമാറ്റം കുറഞ്ഞ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ഓഫീസ് വളപ്പും ഇവര്‍ ഉപയോഗപ്പെടുത്തുന്നതായാണ് വിവരം.

പോലീസിന്റെ കര്‍ശന ഇടപെടല്‍ ആവശ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.