സീന സുരേഷിന്റെ വിജയം മാതൃക-തളര്‍ന്നുപോകുമെന്ന ഘട്ടത്തില്‍ മകളുടെ പിന്തുണ കരുത്തായി.
തളിപ്പറമ്പ്: ഭര്‍ത്താവിന്റെ ആകസ്മികമായ വേര്‍പാട് മൂന്ന് മക്കളുള്ള ഒരമ്മയെ മാനസികമായി തളര്‍ത്തും.
എന്നാല്‍ ഈ തളര്‍ച്ചയില്‍ നിന്ന് മകളുടെ ശക്തമായ പിന്തുണയോടെ ജീവിതവിജയം നേടിയ വ്യക്തിത്വമാണ് സീന സുരേഷ്.
തളിപ്പറമ്പ് കരിമ്പത്തെ എസ്.ജി. മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലാണ് 42 കാരിയായ സീന.
1994 ല്‍ ഭര്‍ത്താവ് ചുഴലി സ്വദേശിയായ എന്‍.സുരേഷാണ് കരിമ്പം സര്‍സയ്യിദ് കോളേജ് ജംഗ്ഷനില്‍ ചെറിയ രീതിയില്‍ സ്ഥാപനം ആരംഭിച്ചത്.
ഇവിടെ പഠനത്തിനെത്തിയ സീന പിന്നീട് അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയായി.
2022 ഡിസംബര്‍ 27 നാണ് ആക്‌സമികമായി ഹൃദയസ്തംഭനം മൂലം ഭര്‍ത്താവ് സുരേഷ് മരണപ്പെട്ടത്.
അര്‍ഷ്‌ന, അര്‍ഷിന്‍, ആദിശ്രീ എന്നീ മൂന്ന്മക്കളുമായി ജീവിതത്തിന്റെ ഭാരം ചുമലില്‍ വന്ന് പതിച്ചപ്പോഴാണ് ഭര്‍ത്താവ് 28 വര്‍ഷമായി നടത്തിക്കൊണ്ടുവന്ന സ്ഥാപനത്തിന്റെ ചുമതല സീന ഏറ്റെടുത്തത്.
ബിരുദ വിദ്യാര്‍ത്ഥിനിയായ മകള്‍ അര്‍ഷ്‌നയുടെ ശക്തമായ പിന്തുണയാണ് ഈ ചുമതല ഏറ്റെടുക്കാന്‍ തനിക്ക് പ്രേരകമായതെന്ന് സീന പറയുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഒരിക്കലും പൂട്ടാന്‍ ഇടവരരുതെന്നും സ്വന്തമായ ഒരു കെട്ടിടത്തിലേക്ക് മാറണമെന്നുമുള്ള അച്ഛന്റെ ആഗ്രഹം പൂര്‍ത്തീകരിക്കണമെന്ന മകളുടെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് തനിക്ക് വഴികാട്ടിയതെന്ന് ഇവര്‍ പറയുന്നു.
രണ്ട് വര്‍ഷം കൊണ്ടുതന്നെ കൂടുതല്‍ സൗകര്യങ്ങളുള്ള കെട്ടിടത്തിലേക്ക് ആധുനിക സൗകര്യങ്ങളോടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു വര്‍ഷം മുമ്പാണ് മാറ്റിയത്.
പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാത്രമായി കഴിഞ്ഞ 31 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എസ്.ജി. മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതല പൂര്‍ണമായും മകളെ ഏല്‍പ്പിക്കണമെന്ന ഉദ്ദേശത്തോടെ മംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ മകളെ എം.എല്‍.ടി കോഴ്‌സിന് പഠിപ്പിക്കുകയാണിപ്പോള്‍.
ഭര്‍ത്താവിന്റെ മരണശേഷം മാനസികമായ തളര്‍ന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളും മക്കളും പകര്‍ന്നു തന്ന അത്മധൈര്യം സ്ഥാപനം വിജയകരമായി
മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഏറെ സഹായിച്ചിട്ടുണ്ടെന്നും, ഭര്‍ത്താവിന്റെ ആഗ്രഹസാഫല്യം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് താനും മക്കളും പ്രവര്‍ത്തിക്കുന്നതെന്നും സീന പറയുന്നു.